
കോഴിയിറച്ചിയെന്ന പേരിൽ വവ്വാലിന്റെ മാംസം വിറ്റ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ സേലം ജില്ലയിൽ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം കമൽ, സെൽവം എന്നിവരാണ് അറസ്റ്റിലായത്. പഴംതീനി വവ്വാലുകളെ (ഫ്രൂട്‌സ് ബാറ്റ്‌സ്) വേട്ടയാടി പാചകം ചെയ്ത് കോഴിക്കറിയെന്ന വ്യാജേന വിൽപ്പനയ്ക്ക് വയ്ക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തോപ്പൂർ രാമസ്വാമി ഫോറസ്റ്റ് റേഞ്ചിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കമലും സെൽവവും കുടുങ്ങിയത്. ഫോറസ്റ്റ് റേഞ്ചർ വിമൽ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം പരിശോധന നടത്തിയതോടെയാണ് കോഴിക്കറിയെന്ന വ്യാജേന വിൽപ്പനയ്ക്ക് വെച്ചിരുന്നത് വവ്വാലിന്റെ മാംസമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി.











