
പുതുവൈപ്പിനിലെ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി. യെമൻ സ്വദേശികളായ അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരാണ് തിരയിൽ അകപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോയമ്പത്തൂർ രത്തിനം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ് രണ്ടുപേരും. കോസ്റ്റൽ പൊലീസ്, ഞാറയ്ക്കൽ പൊലീസ്, വൈപ്പിൻ ഫയർ ഫോഴ്സ് എന്നിവർ വിദ്യാർത്ഥികൾക്കായി തെരച്ചിൽ നടത്തുകയാണ്.
വിനോദസഞ്ചാരത്തിനായി എത്തിയ ഒമ്പതംഗ സംഘത്തിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. കോയമ്പത്തൂരിൽനിന്ന് കാറിലാണ് ഇവർ കൊച്ചിയിലെത്തിയതെന്നാണ് വിവരം. 12 മണിയോടെ ബീച്ചിലെത്തിയ ഒമ്പതംഗ സംഘം നീന്താനായി കടലിൽ ഇറങ്ങി. തുടർന്ന് രണ്ടുപേരെ കാണാതാവുകയായിരുന്നു. സംഘത്തിലെ എട്ടുപേർ യെമൻ സ്വദേശികളും ഒരാൾ സുഡാൻ പൗരനുമാണ്.
കടലിൽ ഇറങ്ങരുതെന്ന് ആവർത്തിച്ചു പറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഭാഷാപ്രശ്നമുള്ളതിനാൽ നാട്ടുകാർ പറഞ്ഞത് എന്താണെന്ന് കുട്ടികൾക്ക് മനസിലായില്ല എന്നാണ് കരുതുന്നത്.










