
ഇസ്രയേൽ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം. ഗാസയിൽ നിന്നും രണ്ട് റോക്കറ്റുകളാണ് ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തതെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇവയിലൊന്ന് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെന്നും സൈന്യം പറഞ്ഞു. മറ്റൊന്ന് ആൾപാർപ്പില്ലാത്ത സ്ഥലത്ത് പതിച്ചതിനാൽ ആളപായവും നാശനഷ്ടവുമില്ലെന്നാണ് റിപ്പോർട്ട്. റോക്കറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആദ്യമായാണ് ഗാസയിൽ നിന്ന് ഇസ്രയേലിന് നേരെ റോക്കറ്റ് തൊടുക്കുന്നത്. റോക്കറ്റ് തൊടുത്തതിന് പിന്നാലെ തെക്കൻ ഇസ്രയേലിലെ നെറ്റിവോട്ടിലും പരിസരത്തുമുള്ള കമ്മ്യൂണിറ്റികളിൽ സൈറൺ മുഴങ്ങിയിരുന്നു. ടെലഗ്രാം വഴി പുറത്തിറക്കിയ പ്രസ്താവനയിലാണ് തെക്കൻ ഇസ്രയേലിലെ നെറ്റിവോട്ടിലേയ്ക്ക് റോക്കറ്റ് തൊടുത്തുവെന്ന് പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് അവകാശപ്പെട്ടത്.











