
പത്തൊൻപതുകാരിയെ മൂത്ത സഹോദരിക്ക് മുന്നിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത പൊലീസുകാർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രപ്രദേശ് സ്വദേശിയായ പത്തൊൻപതുകാരിയെയാണ് തിങ്കളാഴ്ച രാത്രിയിൽ മൂത്ത സഹോദരിയുടെ മുന്നിൽ വെച്ച് ഇരുവരും ബലാത്സംഗം ചെയ്തത്. തങ്ങളുടെ കൃഷിയിടത്തിലുണ്ടായ പഴം വിൽക്കാനായി തിരുവണ്ണാമലൈയിലേക്ക് വാനിൽ പോകുകയായിരുന്നു യുവതികൾ. തിങ്കളാഴ്ച അർദ്ധരാത്രിയോടെ എന്താൾ ബൈപ്പാസിലെത്തിയപ്പോൾ വാഹന പരിശോധനയ്ക്കായി പൊലീസ് കോൺസ്റ്റബിൾമാർ വാൻ തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്ത കോൺസ്റ്റബിൾമാർ സഹോദരിമാരോട് വാനിൽ നിന്നിറങ്ങാൻ വേണ്ടി ആവശ്യപ്പെട്ടു.
തുടർന്ന് ഇരുവരും സഹോദരികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോകുകയും മൂത്ത സഹോദരിക്ക് മുന്നിൽ വെച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇന്നലെ പുലർച്ചെ നാല് മണിയോടെ സഹോദരികളെ റോഡിനരികിൽ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികിൽ രണ്ട് സ്ത്രീകളെ കണ്ട അടുത്തുള്ള ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികൾ ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു.
ഇരുവരെയും തിരുവണ്ണാമലൈ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ഒരാൾ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമാകുകയുമായിരുന്നു. പിന്നാലെ ഡോക്ടർ പൊലീസിനെ അറിയിച്ചു. തിരുവണ്ണാമലൈ വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുദ്യോഗസ്ഥർ ആശുപത്രിയിലെത്തുകയും അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇരു കോൺസ്റ്റബിൾമാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











