10:26pm 11 November 2026
NEWS
കൊല്ലത്ത് അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
16/11/2025  07:22 PM IST
NILA
കൊല്ലത്ത് അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

കൊല്ലത്ത് അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ ആനന്ദഭവനത്തിൽ ബിജു–അജിത ദമ്പതികളുടെ മകൻ ആദിത്യൻ (19), തെക്കതിൽ വീട്ടിൽ ബിജു–സിന്ധു ദമ്പതികളുടെ മകൻ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനെത്തിയ ആറം​ഗ സംഘത്തിലുണ്ടായിരുന്നവരാണ് ഇരുവരും. 

ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. രാവിലെ എട്ടുമണിയോടെയാണ് വീരഭദ്രസ്വാമി ക്ഷേത്രത്തിലേക്ക് ഇവർ പുറപ്പെട്ടത്. 10.30ന് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കി കായലിൽ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാൻ ഇറങ്ങുകയായിരുന്നു. കൂട്ടത്തിലെ മറ്റു നാലുപേരും കരയിലെത്തിയപ്പോൾ ആദിത്യനും അഭിജിത്തും അടിയൊഴുക്കുള്ള ബോട്ട് ചാലിലേക്കു ഒഴുകിപ്പോയി. സംഭവം കണ്ട് അഭിജിത്തിനെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ ഒരാളും ചാലിൽപ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇവരെ കരയിലെത്തിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആദിത്യന്റെയും അഭിജിത്തിന്റെയും ജീവൻ രക്ഷിക്കാനായില്ല.

പ്ലസ്ടു പഠനം പൂർത്തിയാക്കിയ ആദിത്യൻ മാടൻനടയിലെ ഹെൽമറ്റ് കടയിൽ ജോലി ചെയ്യുകയായിരുന്നു. മയ്യനാട് എച്ച്.എസ്.എസിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിയാണ് അഭിജിത്ത്. രക്ഷാപ്രവർത്തനത്തിന് സമീപവാസിയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ സഹീർ, സഹോദരൻ സാജിദ്, അജീർ എന്നിവർ നേതൃത്വം നൽകി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img