04:10am 29 October 2026
NEWS
ഉസ്മാൻ ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നെന്ന് ബം​ഗ്ലാദേശ് പൊലീസ്


28/12/2025  03:47 PM IST
nila
ഉസ്മാൻ ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നെന്ന് ബം​ഗ്ലാദേശ് പൊലീസ്

ധാക്ക: ബംഗ്ലാദേശിലെ യുവ രാഷ്ട്രീയ നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നെന്ന് ബം​ഗ്ലാദേശ് പൊലീസ്. മുഖ്യപ്രതികളായി സംശയിക്കുന്ന രണ്ടുപേർ ഇന്ത്യയിലേക്ക് കടന്നു എന്നാണ് ധാക്ക മെട്രോപോളിറ്റൻ പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മേഘാലയ അതിർത്തിയിലൂടെ ഇവർ ഇന്ത്യയിലെത്തിയെന്നാണ് ധാക്ക മെട്രോപോളിറ്റൻ പൊലീസിന്റെ വിശദീകരണം. 

ഹാദിയെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഫൈസൽ കരീം മസൂദും ആലംഗീർ ഷെയ്ഖും പ്രാദേശിക സഹായത്തോടെ മൈമെൻസിങ്ങിലെ ഹലുവാഘട്ട് അതിർത്തി കടന്നാണ് ഇന്ത്യയിലേക്ക് പോയതെന്ന് അഡീഷണൽ കമ്മീഷണർ എസ്. എൻ. നസ്‌റുൾ ഇസ്‌ലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിർത്തിയിൽ ‘പുർതി’ എന്നയാൾ ഇവരെ സ്വീകരിച്ചെന്നും തുടർന്ന് ‘സമി’ എന്ന ടാക്‌സി ഡ്രൈവർ ഇവരെ മേഘാലയയിലെ ടൂറാ നഗരത്തിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതികൾക്ക് സഹായം നൽകിയ ചിലരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തതായി അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് കൈമാറുന്നതിനായി ഇന്ത്യൻ അധികൃതരുമായി ഔദ്യോഗികവും അനൗദ്യോഗികവുമായ ചർച്ചകൾ തുടരുകയാണെന്നും നസ്‌റുൾ ഇസ്‌ലാം അറിയിച്ചു.

2024-ൽ ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാൻ കാരണമായ പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു ഷെരീഫ് ഉസ്മാൻ ഹാദി. കടുത്ത ഇന്ത്യാവിമർശകനായിരുന്ന അദ്ദേഹം അവാമി ലീഗിനെതിരെയും ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഡിസംബർ 12-നാണ് മുഖംമൂടി ധരിച്ച അജ്ഞാതർ ഹാദിക്ക് നേരെ വെടിയുതിർന്നത്. ഗുരുതരമായി പരിക്കേറ്റ ഹാദിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും ആറു ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img