
കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35) ആണ്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതിയും കൊല്ലപ്പെട്ടു.
ഇരുവരുടെയും സുഹൃത്തായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചിങ്ങവനം സ്വദേശിനിയെ ആദ്യം ഫ്ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയെന്നും തുടർന്ന് അഞ്ജനയെ ഫ്ളാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നുമാണ് വിവരം.
മൂന്നു യുവതികളുടെയും കുടുംബങ്ങൾ ഒരേ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വീജിഷയാണ്. അദ്ദേഹം ജോലിക്കായി പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.










