
ദോഹ:ഖത്തർ ദേശീയ മ്യൂസിയത്തിൽ രണ്ട് പ്രമുഖ അന്താരാഷ്ട്ര കലാപ്രദർശനങ്ങൾ ആരംഭിച്ചു.
ഖത്തർ മ്യൂസിയംസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ ശൈഖ മിയാസ ബിൻത് ഹമദ് അൽ താനിയാണ് പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്തത്.
ചൈനീസ് സെറാമിക് പാരമ്പര്യവും പുരാതന സമുദ്ര വ്യാപാര ചരിത്രവും വരച്ചുകാട്ടുന്ന "വിദൂര ചക്രവാളങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന കപ്പലുകൾ" എന്നതാണ് ആദ്യ പ്രദർശനം. ചൈന നാഷണൽ മ്യൂസിയവുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പ്രദർശനത്തിൽ ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള 120-ലേറെ അപൂർവ്വ പുരാവസ്തുക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രശസ്ത ഇറ്റാലിയൻ കലാകാരൻ ഗ്യൂസെപ്പി ബെനുനിയുടെ കലാജീവിതം ആവിഷ്കരിക്കുന്ന "ദ ഇമ്മനൻസ് ഓഫ് എവരിതിംഗ്" എന്നതാണ് രണ്ടാമത്തെ പ്രദർശനം. പ്രകൃതിയും മനുഷ്യശരീരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ശിൽപങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച ഈ പ്രദർശനം 2027 ഫെബ്രുവരി 13 വരെ തുടരും.
ഖത്തറും ചൈനയും തമ്മിലുള്ള സാംസ്കാരിക സഹകരണം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പുതിയ സംരംഭങ്ങൾ.










