02:18am 06 November 2026
NEWS
പോയിന്റ് നെമോ മറികടന്ന് ദിൽനയും രൂപയും
31/01/2025  11:45 AM IST
nila
പോയിന്റ് നെമോ മറികടന്ന് ദിൽനയും രൂപയും

മൂന്ന് മഹാമുനമ്പുകളിലൂടെ ലോകം ചുറ്റി സഞ്ചരിക്കുന്നതിനായി യാത്ര തിരിച്ച മലയാളി ഉൾപ്പെടെയുള്ള രണ്ട് യുവതികൾ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമായ പോയിന്റ് നെമോ മറികടന്നു.  നാവിക ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എ എന്നിവരാണ് 'അപ്രാപ്യതയുടെ സമുദ്രധ്രുവം' എന്നറിയപ്പെടുന്ന പോയിന്റ് നെമോ മറികടന്നത്. കോഴിക്കോട് സ്വദേശിനിയാണ് കമാൻഡർ ദിൽന കെ. 

ഐഎൻഎസ്‌വി തരിണിയിൽ ഭൂമിയെ ചുറ്റുന്ന ദൗത്യത്തിനിടെയാണ് ഇരുവരും പോയിന്റ് നെമോയിലെത്തിയത്. സമുദ്രത്തിലെ ഏറ്റവും വിദൂര സ്ഥലമാണ് പോയിന്റ് നെമോ. ഇന്ത്യൻ നാവികസേനയുടെ നാവിക സാഗർ പരിക്രമ II എന്ന പര്യവേഷണത്തിന്റെ ഭാഗമായിരുന്നു യാത്ര.
 'നാവിക സാഗർ പരിക്രമ II ന്റെ ഭാഗമായി, ഐ‌എൻ‌എസ്‌വി തരിണി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ജലാശയങ്ങളിലൂടെയാണ് കടന്നുപോയത്. ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എ എന്നിവർ 'അപ്രാപ്യതയുടെ സമുദ്രധ്രുവം' എന്നറിയപ്പെടുന്ന പോയിന്റ് നെമോ മുറിച്ചുകടന്നു. പ്രതിരോധശേഷി, ധൈര്യം, സാഹസിക എന്നിവയുടെ വലിയ തെളിവാണിത്," -ഇന്ത്യൻ നാവികസേന ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമാണ് പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പോയിന്റ് നെമോ.  1992ൽ കനേഡിയൻ-റഷ്യൻ എഞ്ചിനീയറായ വോജെ ലുക്കാറ്റെലയാണ് ഈ പ്രദേശം കണ്ടെത്തിയത്. ഏറ്റവും അ‌ടുത്ത ദ്വീപിൽ നിന്ന് 1,600 മൈൽ ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ന്യൂസിലാൻഡിനും അന്റാർട്ടിക്കയ്ക്കും ഇടയിൽ കാണപ്പെടുന്ന സ്ഥലം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തുള്ള ബഹിരാകാശ സഞ്ചാരികളാണ് നെമോ പോയിന്റിന് ഏറ്റവും അടുത്തായുള്ള മനുഷ്യർ. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായതിനാൽ ഈ സ്ഥലം ബഹിരാകാശ പേടക സെമിത്തേരിയായും ഉപയോഗിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img