
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പ് ഓഗസ്റ്റ് 15, 16 തീയതികളിൽ "ദി ആർട്ട് ഓഫ് സിങ്ങിംഗ് – വോക്കൽ പെഡഗോജി" എന്ന പേരിൽ ദ്വിദിന വോക്കൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഗായകർ, സംഗീത വിദ്യാർത്ഥികൾ, സംഗീത അധ്യാപകർ, കലാകാരന്മാർ, ശബ്ദം പ്രൊഫഷണലായി ഉപയോഗിക്കുന്നവർ എന്നിവർക്കായി ശബ്ദോത്പാദനം, വോക്കൽ മെക്കാനിക്സ്, ശ്വാസനിയന്ത്രണം, വോക്കൽ റേഞ്ച് വികസനം, സ്റ്റേജ് പെർഫോമൻസ്, ദീർഘകാല ശബ്ദസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കും. അന്തർദേശീയ നിലവാരത്തിലുള്ള വോക്കൽ പരിശീലന രീതികൾ നേരിട്ട് അഭ്യസിക്കാനും സംഗീതരംഗത്തെ ആഗോള അനുഭവസമ്പത്തുള്ള പരിശീലകനിൽ നിന്ന് പഠിക്കാനും ലഭിക്കുന്ന അപൂർവ അവസരമാണ് ഈ പരിശീലന പരിപാടി.
പരിശീലനത്തിന് നേതൃത്വം നൽകുന്നത് നെറ്റ്ഫ്ലിക്സ് മുൻ മ്യൂസിക് ക്രിയേറ്റീവ് ആൻഡ് പ്രൊഡക്ഷൻ കോ-ഓർഡിനേറ്ററും രണ്ടു തവണ എ. ആർ. റഹ്മാൻ ഫൌണ്ടേഷൻ സ്കോളർഷിപ് ജേതാവും, പ്രശസ്ത വോയ്സ് വിദഗ്ധനുമായ ഡോ. ലിജോ കെ. ജോസാണ്. Hide 'N Seek (2024) എന്ന ഫീച്ചർ ഫിലിമിനും, ആമസോൺ പ്രൈം, സ്റ്റാർ സ്പോർട്സ്, അനിതാ ഡോങ്‌റെ ഗ്രാസ്റൂട് എന്നിവയ്ക്കും ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പ്രൊജക്ടുകൾക്ക് സംഗീതം ഒരുക്കിയിട്ടുള്ള ഡോ. ലിജോയുടെ "ബേ ലീഫ് " എന്ന റിങ്ടോൺ മൈക്രോസോഫ്ട്/നോക്കിയ ലൂമിയ സൗണ്ടസ് ഓഫ് ദി വേൾഡ് മത്സരത്തിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി വോക്കൽ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഡോ. ലിജോ, പുരസ്കാരജേതാക്കളായ സംസ്‍നോം എൻസെംൽ എന്ന വോക്കൽ ഗ്രൂപ്പിന്റെ ഡയറക്ടറുമാണ്.കുസാറ്റിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും, പുറമെ നിന്നുള്ള സംഗീതപ്രേമികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് കുസാറ്റ് അംഗങ്ങൾക്ക് ₹200, ബാഹ്യ വിദ്യാർത്ഥികൾക്ക് ₹500, മറ്റ് ബാഹ്യ പങ്കാളികൾക്ക് ₹1,500 എന്നിങ്ങനെയാണ്. രജിസ്ട്രേഷന്റെ അവസാന തീയതി 2026 ഓഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://welfare.cusat.ac.in സന്ദർശിക്കുകയോ https://forms.gle/LdsSjxxFWxXsuydUA വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ഡോ. പി. കെ. ബേബി, ഡയറക്ടർ, യുവജനക്ഷേമ വകുപ്പ്, കുസാറ്റ് (ഫോൺ: 9447508345).
Photo Courtesy - Google











