
ന്യൂഡൽഹി: കർണാടകയിൽ രണ്ട് കുഞ്ഞുങ്ങളിൽ എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് കേസുകളും കർണാടകയിലെ ബെംഗളുരുവിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഐസിഎംആർ നടത്തുന്ന ശ്വാസകോശ വൈറൽ രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്' ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.











