01:09am 03 August 2026
NEWS
ചോറിങ്ങും കൂറങ്ങും: കർണാടകത്തിലെ രണ്ട് ബിജെപി എംഎൽഎമാരെ നേതൃത്വം പുറത്താക്കി
28/05/2025  11:18 AM IST
വിഷ്ണുമംഗലം കുമാർ
ചോറിങ്ങും കൂറങ്ങും: കർണാടകത്തിലെ രണ്ട് ബിജെപി എംഎൽഎമാരെ നേതൃത്വം പുറത്താക്കി

 ബംഗളുരു: ബിജെപിയിലാണെങ്കിലും രണ്ടുവർഷത്തോളമായി കോൺഗ്രസ്സിനോട് അനുഭാവം പുലർത്തിവരികയായിരുന്നു മുൻമന്ത്രിമാരായ എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നീ എംഎൽഎ മാർ. നിയമസഭ അംഗത്വം നഷ്ടപ്പെടുമെന്നതിനാൽ ഇവർ സ്വമേധയാ ബിജെപി വിട്ടുപോയില്ല. കടുത്ത അച്ചടക്ക ലംഘനമുണ്ടായിട്ടും ബിജെപി ഇവരെ പുറത്താക്കിയിരുന്നുമില്ല. രാജ്യസഭ, നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സ്ഥാനാർഥികൾക്കാണ് ഇരുനേതാക്കളും വോട്ടുചെയ്തിരുന്നത്. എന്നിട്ടും ബിജെപി നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നത് ആശ്ചര്യജനകമായിരുന്നു. ചോറിങ്ങും കൂറങ്ങും എന്ന സമീപനവുമായി മുന്നോട്ടു പോയിരുന്ന ഈ രണ്ടു നേതാക്കളെയും പാർട്ടിയുടെ കേന്ദ്ര അച്ചടക്കസമിതി ഇപ്പോൾ ആറുവർഷത്തേക്ക് പുറത്താക്കിയിരിക്കയാണ്. തിരുത്താൻ രണ്ടുപേർക്കും ഒന്നിലേറെ അവസരം നൽകിയിരുന്നെന്നും കാരണം കാണിക്കൽ നോട്ടീസിന് അവർ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തത് കൊണ്ടാണ് പുറത്താക്കിയതെന്നും ബിജെപിയുടെ ദേശീയ അച്ചടക്കസമിതി സെക്രട്ടറി ഓം പാന്ധെ പറഞ്ഞു. വിമത നേതാവ് ബസന ഗൗഡ പാട്ടീൽ യത് നാളിനെ ഏതാനും ദിവസം മുമ്പ് പുറത്താക്കിയിരുന്നു. ബംഗളുരു സിറ്റി കോർപറേഷൻ ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ പാർട്ടിയിൽ ശുദ്ധീകരണം നടത്തി അച്ചടക്കം ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര വ്യക്തമാക്കി.യഥാർത്ഥത്തിൽ സോമശേഖറും ശിവറാം ഹെബ്ബാറും മുൻകോൺഗ്രസുകാരാണ്. 2019ൽ ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസ്സിൽ നിന്നും ജെഡിഎസ്സിൽ നിന്നും കൂറുമാറി, കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ജെഡിഎസ്സ് കൂട്ടുകക്ഷി ഗവണ്മെന്റിനെ വീഴ്ത്തിയ പതിനേഴ് എംഎൽഎമാരിൽ ഉൾപ്പെടുന്നവരാണ് ഇരുവരും. സോമശേഖർ ബംഗളുരുവിലെ യശ്വന്തപുരത്തെയും ഹെബ്ബാർ ഉത്തരകന്നഡയിലെ യല്ലാപ്പൂരിനെയുമാണ് നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ അതേ മണ്ഡലങ്ങളിൽ ബിജെപി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഇരുവരെയും മുഖ്യമന്ത്രി യഡിയൂരപ്പ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് യഡിയൂരപ്പയ്ക്ക് പകരം വന്ന ബസവരാജ് ബൊമ്മായ് മന്ത്രിസഭയിലും രണ്ടുപേരും തുടർന്നു. 2023 ലെ തെരഞ്ഞെടുപ്പിൽ ഈ രണ്ടുനേതാക്കളും വിജയിച്ചു. എന്നാൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നതോടെയാണ് ഇരുവർക്കും മനമാറ്റമുണ്ടായത്. രണ്ടു നേതാക്കളും കോൺഗ്രസ്സിലേക്ക് മടങ്ങും എന്ന വാർത്ത കുറേക്കാലമായി കേൾക്കുന്നുണ്ട്. ബിജെപി നേതൃത്വവുമായി ഇടഞ്ഞ ഈ നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യ ന്ത്രി ഡി കെ ശിവകുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭ അംഗത്വം നഷ്ടപ്പെടുമെന്നതിനാണ് പാർട്ടി വിടാതിരുന്നത്. ബിജെപി നേതൃത്വം പുറത്താക്കിയതിനാൽ എംഎൽഎ സ്ഥാനം സംരക്ഷിക്കാൻ കഴിഞ്ഞു എന്ന് രണ്ടുനേതാക്കൾക്കും ആശ്വസിക്കാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img