06:42am 24 November 2026
NEWS
മലപ്പുറത്ത് എം.ഡി.എം.എ വേട്ട; നഴ്‌സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ
10/10/2026  09:56 PM IST
nila
മലപ്പുറത്ത് എം.ഡി.എം.എ വേട്ട; നഴ്‌സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്‌സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 11.63 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിക്കടത്ത് തടയുന്നതിനായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ ടൗണിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പെരിന്തൽമണ്ണ എസ്.ഐ. അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.

പിടിയിലായവർക്ക് ലഹരിമരുന്ന് എവിടെനിന്നാണ് ലഭിച്ചതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്നും കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട് ലോഡ്ജിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കുമെന്ന് പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. അറിയിച്ചു. ലഹരി ഇടപാടുകൾക്ക് വാഹനങ്ങളോ സാമ്പത്തിക സഹായമോ നൽകുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img