
ചാവക്കാട്: ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), ഇയാളുടെ സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷെക്കീർ (37) എന്നിവരാണ് പിടിയിലായത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ മന്ത്രവാദം വഴി തീർത്തുതരാമെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരും യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തത്. ഇരുവരും ഭീഷണി തുടർന്നതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി പിണങ്ങിക്കഴിയുകയാണു യുവതി. മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ചാണ് ഷെക്കീർ യുവതിയുമായി അടുത്തത്. തുടർന്ന് യുവതിയുടെ വീട്ടിൽ വന്ന് തലവേദനയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഗുളിക കഴിക്കാൻ നൽകി. ഇതോടെ ബോധം പോയ യുവതിയുടെ നഗ്‌നചിത്രങ്ങൾ പകർത്തി. തുടർന്ന് ഭർത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങൾ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ഒരുലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
പിന്നീട് താജുദ്ദീൻ യുവതിക്ക് പ്രേതബാധയുണ്ടെന്നും മന്ത്രവാദത്തിലൂടെ അതിന് പരിഹാരമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചു. യുവതിയുടെ വീട്ടിൽ വെച്ച് മരുന്ന് നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് ഇത് വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പല ദിവസങ്ങളിലായി പീഡിപ്പിക്കുകയും യുവതിയിൽനിന്ന് 60 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
യുവതിയുടെ പരാതിയിൽ ചാവക്കാട് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിനെത്തുടർന്നാണ് പ്രതികൾ പിടിയിലായത്.
സബ് ഇൻസ്‌പെക്ടർ ടി.സി. അനുരാജ്, സബ് ഇൻസ്‌പെക്ടർ വിഷ്ണു എസ്. നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് വി. നാഥ്, സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.











