
ന്യൂഡൽഹി / തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ പുതിയ 'ഒത്തുതീർപ്പ് ഫോർമുല'യുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
രണ്ടര വർഷം വീതം; തർക്കം ഒഴിവാക്കാൻ ഖാർഗെ
സീനിയോറിറ്റി മാനദണ്ഡമാക്കി ആദ്യത്തെ രണ്ടരവർഷം രമേശ് ചെന്നിത്തലയ്ക്കും, ബാക്കിയുള്ള രണ്ടരവർഷം വി.ഡി. സതീശനും നൽകാനാണ് ഖാർഗെയുടെ നിർദ്ദേശം. തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച സതീശനെയും പാർട്ടിയുടെ മുതിർന്ന നേതാവായ ചെന്നിത്തലയെയും ഒരുപോലെ തൃപ്തിപ്പെടുത്താനാണ് ഈ നീക്കം.
നിർണ്ണായകമായി 'കെ.സി ഫാക്ടർ'
അതേസമയം, ഭൂരിപക്ഷം എം.എൽ.എമാരുടെയും പിന്തുണയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മാറ്റിനിർത്തുന്നതിൽ രാഹുൽ ഗാന്ധിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. വേണുഗോപാലിനെ ഒഴിവാക്കുന്നത് ശരിയായ നടപടിയല്ലെന്ന നിലപാടിലാണ് രാഹുൽ. എന്നാൽ, ഡൽഹിയിൽ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയായി കൊണ്ടുവരുന്നത് കേരളത്തിലെ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്ന് ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. കെ.സി മുഖ്യമന്ത്രിയാകുന്നതിനോടുള്ള തന്റെ വിയോജിപ്പ് വി.ഡി. സതീശൻ ഇതിനോടകം തന്നെ രാഹുലിനെ അറിയിച്ചിട്ടുണ്ട്.
തീരുമാനം വൈകുന്നതിൽ അമർഷം
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളിലും അണികളിലും നിരാശ പുകയുകയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയ സതീശൻ പറവൂരിലും, ചെന്നിത്തല തിരുവനന്തപുരത്തും എത്തി നേതാക്കളുമായി ചർച്ചകൾ നടത്തി.
പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെയോ
ബംഗളൂരുവിലായിരുന്ന മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് വൈകിട്ട് ഡൽഹിയിൽ തിരിച്ചെത്തും. തുടർന്ന് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി എന്നിവരുമായി അവസാനവട്ട ചർച്ചകൾ നടത്തിയ ശേഷം ഇന്നോ നാളെയോ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.











