
തിരുവനന്തപുരം: ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ രണ്ടര വയസ്സുകാരി കുത്തിവെപ്പ് നൽകിയതിന് പിന്നാലെ മരിച്ചു. ഉറിയാക്കോട് സ്വദേശികളായ സിദ്ദിഖ്–ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരണപ്പെട്ടത്. കാട്ടാക്കടയിലെ മമല എന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച കുട്ടിക്ക് ശ്വാസംമുട്ടലിന് രണ്ട് കുത്തിവെപ്പുകൾ നൽകിയതായാണ് ബന്ധുക്കൾ പറയുന്നത്. കുത്തിവെപ്പ് നൽകിയ ഉടൻ തന്നെ കുട്ടി ബോധരഹിതയായി. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ കുട്ടിയെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് ഉച്ചയ്ക്ക് 12.55ഓടെ കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായതായി ആരോപിച്ച് ഐഷയുടെ ബന്ധുക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിദ്ദിഖ്–ഫൈസലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഐഷ ഫാത്തിമ.










