08:32pm 09 November 2026
NEWS
പതിനൊന്നാമത്തെ വിവാഹം കഴിക്കാനൊരുങ്ങവേ എറണാകുളം സ്വദേശിനി അറസ്റ്റിലായ സംഭവത്തിൽ വൻ ട്വിസ്റ്റ്
08/06/2025  11:13 AM IST
nila
പതിനൊന്നാമത്തെ വിവാഹം കഴിക്കാനൊരുങ്ങവേ എറണാകുളം സ്വദേശിനി അറസ്റ്റിലായ സംഭവത്തിൽ വൻ ട്വിസ്റ്റ്

വിവാഹ തട്ടിപ്പുകാരിയായ യുവതിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനൊന്നാമത്തെ വിവാഹം കഴിക്കാൻ തയ്യാറാകവെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ​ഗ്രാമപഞ്ചായത്തം​ഗമായ യുവാവിനെയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്മ(35) വിവാഹം കഴിച്ച് വഞ്ചിക്കാനൊരുങ്ങിയത്. എന്നാൽ, ഈ യുവാവിന്റെ സുഹൃത്തിന്റെ ഭാര്യയുടെ ജാ​ഗ്രതയിലാണ് രേഷ്മ പിടിയിലായത്. 

ഇതിന് മുമ്പ് പത്ത് യുവാക്കളെയാണ് രേഷ്മ വിവാഹം കഴിച്ചത്. ഇതിൽ മൂന്നുവർഷം മുമ്പ് നടന്നൊരു വിവാഹത്തിൽ ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിന് രണ്ട് വയസുണ്ട്. ആര്യനാട്ടെ ​ഗ്രാമപഞ്ചായത്തം​ഗത്തെ വിവാഹം കഴിച്ചതിന് ശേഷമുള്ള നാല് വിവാഹങ്ങളും യുവതി തീരുമാനിച്ച് വെച്ചിരുന്നു. എന്നാൽ പിടിയിലായതോടെ ഇതെല്ലാം പൊളിഞ്ഞു. വിവാഹത്തിന് മുമ്പ് യുവാക്കളെ കൊണ്ട് സ്വർണമാലയും താലിയും അടക്കമുള്ള സാധനങ്ങൾ വാങ്ങിപ്പിക്കുകയാണ് യുവതിയുടെ പതിവ്. വിവാഹം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം ഈ ആഭരണങ്ങളുമായി മുങ്ങും.

സ്വർണവും പണവും ലക്ഷ്യമിട്ടാണ് യുവതി വിവാഹ തട്ടിപ്പ് നടത്തിയിരുന്നത് എന്നാണ് പൊലീസിന്റെ നി​ഗമനം. എന്നാൽ, സ്നേഹം തേടിയാണ് താൻ ഇത്രയേറെ വിവാഹം കഴിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. നാണക്കേട് ഭയന്നാകാം തട്ടിപ്പിനിരകളായ യുവാക്കൾ ഇതുവരെയും പരാതി നൽകാതിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം. 

 പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്തിരുന്നു. മെയ് 29-നാണ് ഇതിൽ നിന്നും ആദ്യം ഫോൺ കോൾ വന്നു. യുവതിയുടെ അമ്മയാണെന്ന് ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തി. ജൂലൈ അഞ്ചിന് മകൾ യൂണിവേഴ്സിറ്റിയിൽ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. തുട‍ർന്ന് ഇവിടെ വെച്ച് ഇരുവരും കണ്ടു. താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താൽപര്യക്കുറവുണ്ടെന്നും രേഷ്മ യുവാവിനെ അറിയിച്ചു. അതോടെ രേഷ്മയെ വിവാഹം കഴിക്കാൻ തയാറാണെന്ന് യുവാവ് ഉറപ്പ് നൽകുകയായിരുന്നു.

പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കലിലുള്ള ഒരു വാർഡ് മെമ്പറുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് പറഞ്ഞ് രേഷ്മ ഇറങ്ങി. വാർഡ് മെമ്പറുടെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. തുടർന്ന് യുവതിക്ക് സംശയം തോന്നിയതോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അങ്ങനെയാണ് മുൻ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.

45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിലുണ്ടായിരുന്നു. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സി ഐ അജീഷ്, എസ് ഐ വേണു എന്നിവരും വനിതാ പൊലീസ് ഉദ്യേഗസ്ഥരും ചേർന്ന് വിവാഹ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാൻ നിന്ന രേഷ്മയെ നാടകീയമായി അറസ്റ്റ് ചെയ്തു.

ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ മറ്റ് വിവാഹങ്ങൾ കഴിക്കാറുള്ളത്. വരനെക്കൊണ്ട് വിവാഹത്തിന് മുൻപുതന്നെ സ്വർണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നതീയിരുന്നു ഇവരുടെ രീതി. തുടർന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങും. യുവതി നിരവധിപേരെ ഇത്തരത്തിൽ വിവാഹം കഴിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img