04:21pm 25 October 2026
NEWS
വഴിയിൽ മാലിന്യം തള്ളി; സഹോദരങ്ങളായ ഇരട്ട എസ്.ഐ.മാർക്ക് സസ്പെൻഷൻ
21/07/2025  10:47 AM IST
സുരേഷ് വണ്ടന്നൂർ
വഴിയിൽ മാലിന്യം തള്ളി; സഹോദരങ്ങളായ ഇരട്ട എസ്.ഐ.മാർക്ക് സസ്പെൻഷൻ

ചേലക്കര: വീട്ടിലേക്കുള്ള വഴിയിൽ മാലിന്യം തള്ളിയതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്ക് ഇരട്ട സഹോദരന്മാരായ പോലീസ് സബ് ഇൻസ്‌പെക്ടർമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ചേലക്കോട് കാട്ടിൽ വീട്ടിൽ നിന്നുള്ള പ്രദീപ് കുമാറും ദിലീപ് കുമാറുമാണ് തിങ്കളാഴ്ച പുലർച്ചെ ഏറ്റുമുട്ടിയത്. പഴയന്നൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ആണ് പ്രദീപ് കുമാർ, ദിലീപ് കുമാർ വടക്കാഞ്ചേരി സ്റ്റേഷനിലും ഗ്രേഡ് എസ്.ഐ. ആയി സേവനമനുഷ്ഠിക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ കമ്മിഷണർ ആർ. ഇളങ്കോ ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

എസ്.ഐ.മാർ കുടുംബാംഗങ്ങളോടൊപ്പം ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ചേലക്കര പോലീസ് വിവരമറിഞ്ഞത്. ഇരുവരുടെയും പേരിൽ കേസെടുത്തിട്ടുണ്ടെന്ന് ചേലക്കര എസ്.എച്ച്.ഒ. അറിയിച്ചു. നേരിയ പരിക്കുകളുണ്ടായിരുന്ന ഇരുവർക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രി വിട്ടു. പ്രദീപിന്റെ കൈയ്ക്ക് ചെറിയ ചതവുണ്ട്.

ജ്യേഷ്ഠ സഹോദരനും ഇരട്ട സഹോദരന്മാരും മൂന്ന് വീടുകളിലായാണ് താമസം. മുൻപ് ഇവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ വീടുകളിലേക്ക് ഒരു പൊതുവഴിയാണുള്ളത്. ഈ വഴിയിൽ ഇന്നലെ രാവിലെ ചപ്പുചവറുകൾ ഇട്ടുവെന്ന് പറഞ്ഞായിരുന്നു കുടുംബാംഗങ്ങൾ തമ്മിൽ വഴക്ക് തുടങ്ങിയത്. ആദ്യം ഫോണിലൂടെ തുടങ്ങിയ തർക്കം പിന്നീട് തമ്മിലടിയിൽ കലാശിക്കുകയായിരുന്നു.
കുടുംബങ്ങൾക്കിടയിൽ കുറച്ചുകാലങ്ങളായി ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും മേലുദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. ദിലീപ് കുമാർ മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം വടക്കാഞ്ചേരിയിൽ ചുമതലയേറ്റത്. ഇവർക്കെതിരെ മറ്റ് പരാതികളൊന്നുമില്ലെന്നും സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇരുവരെയും കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img