
പെരുമ്പാവൂർ: ചേരാനല്ലൂരിൽ തൊഴലി വീട്ടിൽ അശോകൻ–രമണി ദമ്പതികളുടെ മക്കളായ അരുണും ആനന്ദും ഇരട്ടകളാണ്. ഇരട്ടകളായ പെൺകുട്ടികളെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഒരുപാട് വിവാഹാലോചനകൾ വന്നെങ്കിലും ഈ സഹോദരങ്ങൾ തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ല. ഒടുവിൽ ഇരുവരുടെയും ആഗ്രഹംപോലെ തന്നെ ഇരട്ടകളായ യുവതികളെ തന്നെ വധുക്കളായി ലഭിച്ചിരിക്കുകയാണ്.
കൊല്ലം കോട്ടുക്കൽ സോമൻ ഉണ്ണിത്താൻ– ജയ ദമ്പതികളുടെ മക്കളായ ആര്യയെയും ആർദ്രയെയുമാണ് അരുണും ആനന്ദും വരണമാല്യം ചാർത്തിയത്. ഇരട്ടകളായ വരന്മാരെ വേണമെന്ന നിലപാടായിരുന്നു ആര്യയ്ക്കും ആർദ്രയ്ക്കും.
ഒന്നര വർഷം മുൻപു കല്യാണം ഉറപ്പിച്ചു. അരുൺ ആര്യയെയും ആനന്ദ് ആർദ്രയെയും വിവാഹം കഴിച്ചു. അരുൺ ഇറ്റലിയിലും ആനന്ദ് ആലുവയിലെ കനക പോളിമേഴ്സിലുമാണു ജോലി ചെയ്യുന്നത്. ആര്യയും ആർദ്രയും ബിഎഡ് ബിരുദധാരികളാണ്. ഇരുവരും ചേർന്ന് ഇംഗ്ലിഷ് അക്കാദമി എന്ന പേരിൽ കോട്ടുക്കലിൽ സ്ഥാപനം നടത്തുന്നു.











