കൊച്ചി: ഓഹരി ഉടമകള്‍ക്കായി ഏറ്റവും കൂടുതല്‍ മൂല്യം സൃഷ്ടിച്ച കമ്പനികളുടെ ആഗോള പട്ടികയില്‍ ഡ്യൂറബിള്‍ കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തില്‍ ടിവിഎസ് വേണു ഗ്രൂപ്പിന്‍റെ ഭാഗമായ ടിവിഎസ് മോട്ടോര്‍ കമ്പനി ഒന്നാം സ്ഥാനം സ്വന്തമാക്കി. 1926ല്‍ ആരംഭിച്ച ജര്‍മ്മനിയിലെ പ്രമുഖ ബിസിനസ്സ് വാരികയായ വേര്‍ത്ഷാഫ്റ്റ്സ്വോഹെ, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്‍റെ വാല്യൂ ക്രിയേറ്റേഴ്സ് വിശകലനത്തെ അടിസ്ഥാനമാക്കി പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച ഓഹരികള്‍ എന്ന വാര്‍ഷിക റാങ്കിങ്ങിലാണ് ടിവിഎസിന് ഈ അപൂര്‍വ്വ നേട്ടം ലഭിച്ചത്.
ലോകമെമ്പാടുമുള്ള 35 വ്യവസായ മേഖലകളില്‍ നിന്നുള്ള 2000ലധികം പ്രമുഖ ലിസ്റ്റഡ് കമ്പനികളെ വിലയിരുത്തിയാണ് ഈ സ്വതന്ത്ര പഠനം നടത്തിയത്. 2021 മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷത്തെ കാലയളവില്‍ ശരാശരി 51 ശതമാനം വാര്‍ഷിക ടോട്ടല്‍ ഷെയര്‍ഹോള്‍ഡര്‍ റിട്ടേണ്‍ നല്‍കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് സാധിച്ചു.
ജപ്പാന്‍, ചൈന, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ആഗോള കമ്പനികളെ പിന്തള്ളിയാണ് ടിവിഎസ് മുന്‍നിരയിലെത്തിയത്. കമ്പനിയുടെ ശക്തമായ വരുമാന വളര്‍ച്ചയും ഉയര്‍ന്ന വിപണി മൂല്യവുമാണ് ഈ മികച്ച പ്രകടനത്തിന് പ്രധാന കാരണങ്ങളായത്.
പഠന റിപ്പോര്‍ട്ട് പ്രകാരം, ടിവിഎസ് മോട്ടോര്‍സിന്‍റെ മികച്ച പ്രകടനത്തിന് പ്രധാനമായും കരുത്തായത് 22 ശതമാനമുളള ശക്തമായ വരുമാന വളര്‍ച്ചയും 18 ശതമാനം പ്രീമിയം വിപണി മൂല്യനിര്‍ണയവുമാണ്. ലാഭത്തില്‍ ഉണ്ടായ മെച്ചവും തുടര്‍ച്ചയായി ശക്തിപ്പെടുന്ന ബാലന്‍സ് ഷീറ്റും കമ്പനിയുടെ വളര്‍ച്ചയെ കൂടുതല്‍ പിന്തുണച്ചു.
കമ്പനി ചെയര്‍മാന്‍ സുദര്‍ശന്‍ വേണുവിന്‍റെ വ്യക്തമായ തന്ത്രപരമായ കാഴ്ചപ്പാടുകളുടെയും മികച്ച കോര്‍പ്പറേറ്റ് നേതൃത്വത്തിന്‍റെയും ഫലമായാണ് ഈ വലിയ അംഗീകാരം ലഭിച്ചതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ചീഫ് മെന്‍റര്‍ പ്രൊഫസര്‍ സര്‍ റാല്‍ഫ് സ്പെത് പറഞ്ഞു. സുസ്ഥിരമായ വളര്‍ച്ചയും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളിലുള്ള മുന്നേറ്റവും കമ്പനിയെ ഭാവിയിലും ശക്തമായ നിലയില്‍ നിലനിര്‍ത്തുമെന്നും കൂടാതെ ടിവിഎസിന്‍റെ ഉടമസ്ഥതയിലുള്ള പ്രശസ്ത ബ്രിട്ടീഷ് ബ്രാന്‍ഡായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിളും മികച്ച രീതിയില്‍ ആഗോള വിപണിയില്‍ തിരിച്ചുവരവ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ടിവിഎസ് മോട്ടോര്‍ കമ്പനി കാഴ്ചവെച്ചത്. കമ്പനിയുടെ വാര്‍ഷിക വില്‍പന 24 ശതമാനം വര്‍ദ്ധിച്ച് 58.9 ലക്ഷം യൂണിറ്റുകളിലെത്തി. 90-ലധികം വിദേശ വിപണികളിലായുള്ള അന്താരാഷ്ട്ര ബിസിനസ്സില്‍ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ വാര്‍ഷിക വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഉയര്‍ന്ന് 47,270 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 40 ശതമാനം വര്‍ദ്ധനവോടെ 4,975 കോടി രൂപയായും പ്രവര്‍ത്തന ഇബിഐറ്റിഡിഎ മാര്‍ജിന്‍ 12.9 ശതമാനമായും മെച്ചപ്പെട്ടു.
ടിവിഎസ് വേണു ഗ്രൂപ്പിന്‍റെ ഭാഗമായ ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലും ഇന്തോനേഷ്യയിലുമായി നാല് അത്യാധുനിക നിര്‍മ്മാണ യൂണിറ്റുകളുള്ള പ്രമുഖ ടു-ത്രീ വീലര്‍ നിര്‍മ്മാതാക്കളാണ്. ഗുണമേന്മയ്ക്കുള്ള പ്രശസ്തമായ ഡെമിംഗ് പുരസ്കാരം നേടിയ ഏക ഇരുചക്ര വാഹന കമ്പനിയായ ടിവിഎസ് ഉപഭോക്തൃ സേവന സംതൃപ്തി അളക്കുന്ന ജെഡി പവര്‍ സര്‍വേയില്‍ തുടര്‍ച്ചയായി നാല് വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.










