
ചെന്നൈ: കുടുംബ സ്വത്തിന്റെ ന്യായമായ വിഹിതം ആവശ്യപ്പെട്ട് പ്രമുഖ വ്യവസായിയും ടാഫെ (ട്രാക്ടേഴ്സ് ആൻഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ്) സിഇഒയുമായ ലക്ഷ്മി വേണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പിതാവും ടിവിഎസ് ഗ്രൂപ്പ് ചെയർമാനുമായ വേണു ശ്രീനിവാസനിൽനിന്ന് കുടുംബസ്വത്തിന്റെ നിയമപരമായ വിഹിതം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.കുടുംബസ്വത്ത് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 16ന് പിതാവിന് നിയമപരമായ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ലക്ഷ്മി കോടതിയെ സമീപിച്ചത്. കുടുംബത്തിന്റെ സംയുക്ത സ്വത്തുക്കൾ നിയമാനുസൃതമായി വിഭജിച്ച് തനിക്ക് അർഹമായ ഓഹരി അനുവദിക്കണമെന്നാണ് ആവശ്യം.2020ൽ നടന്ന ടിവിഎസ് കുടുംബത്തിന്റെ പുനഃസംഘടനയും 2024ൽ വേണു ശ്രീനിവാസന്റെ അടുത്ത കുടുംബാംഗങ്ങൾ ഒപ്പിട്ട ധാരണാപത്രവും കുടുംബത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ പൂർണമായി വിഭജിക്കാൻ പര്യാപ്തമായിരുന്നില്ലെന്നാണ് ലക്ഷ്മിയുടെയും അമ്മ മല്ലിക ശ്രീനിവാസന്റെയും വാദം.എന്നാൽ, കുടുംബാംഗങ്ങൾ തമ്മിൽ നേരത്തേ തന്നെ ഒത്തുതീർപ്പിലെത്തിയിട്ടുണ്ടെന്നും ഇനി വിഭജനത്തിന്റെ ആവശ്യമില്ലെന്നുമാണ് വേണു ശ്രീനിവാസന്റെയും മകൻ സുദർശൻ വേണുവിന്റെയും നിലപാട്. കുടുംബം ധാരണയിലെത്തിയ സാഹചര്യത്തിൽ മധ്യസ്ഥതയ്ക്ക് പ്രസക്തിയില്ലെന്ന് വേണുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വ്യക്തമാക്കിയിരുന്നു.അതേസമയം, പിതാവിന്റെ മറുപടി തന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുന്നതല്ലെന്നും പ്രശ്നത്തിന് സൗഹാർദ്ദപരമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ലക്ഷ്മി അറിയിച്ചു. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.മകളുടെ തീരുമാനത്തിന് പൂർണ പിന്തുണയുമായി അമ്മ മല്ലിക ശ്രീനിവാസനും രംഗത്തെത്തി. മകനും മകളും തനിക്ക് ഒരുപോലെ പ്രധാനപ്പെട്ടവരാണെന്നും കുടുംബസ്വത്തിൽ മകൾക്കും നിയമാനുസൃതമായ തുല്യവിഹിതത്തിന് അർഹതയുണ്ടെന്നുമാണ് മല്ലികയുടെ നിലപാട്. സുദർശന് ലഭിക്കുന്നതിനു തുല്യമായ അവകാശം ലക്ഷ്മിക്കും ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ വ്യക്തമാക്കി.ടിവിഎസ് ഗ്രൂപ്പിന്റെ സ്ഥാപകനായ ടി.വി. സുന്ദരം അയ്യങ്കാറിന്റെ കുടുംബത്തിലെ മൂന്നും നാലും തലമുറകളിൽപ്പെട്ടവരാണ് ഈ തർക്കത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വേണു ശ്രീനിവാസൻ, ഭാര്യ മല്ലിക, മകൾ ലക്ഷ്മി, മകൻ സുദർശൻ എന്നിവരടങ്ങുന്ന കുടുംബശാഖയിലെ സ്വത്തുവിഭജനമാണ് ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുന്നത്.2024ലെ ധാരണാപത്രം കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക സ്വത്തുക്കളുടെയും സമഗ്രമായ വിഭജനത്തിന് വ്യവസ്ഥ ചെയ്യുന്നില്ലെന്ന ലക്ഷ്മിയുടെ വാദവും നേരത്തേ ഒത്തുതീർപ്പുണ്ടായെന്ന പിതാവിന്റെ നിലപാടും തമ്മിലുള്ള നിയമപരമായ ഏറ്റുമുട്ടലാണ് ഇനി കോടതിയിൽ നിർണായകമാകുക. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo Courtesy - Google










