
തിരുവനന്തപുരം: നദിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്. വിതുര-ചന്തമുക്ക് താവയ്ക്കൽ ആറ്റിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും നദിയിലേക്ക് വീഴുകയായിരുന്നു.
ആറ്റിന് സമീപത്തെ പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ അനുപമയുടെ സുഹൃത്ത് കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇത് കണ്ട അനുപമ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആറ്റിലേക്ക് വീഴുകയായിരുന്നു.
സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നവർ സുഹൃത്തിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചെങ്കിലും അനുപമ വെള്ളത്തിൽ മുങ്ങിപ്പോയി. അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അതിനകം മരണം സംഭവിച്ചിരുന്നു. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.










