
തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ ബാർ അസോസിയേഷനുകളിൽ ഒന്നായ തിരുവനന്തപുരം ബാർ അസോസിയേഷന്റെ പുതിയ അഭിഭാഷകർക്കായുള്ള ഇൻഡക്ഷൻ ചടങ്ങ് 2026 ജൂലൈ 7 ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ബാർ അസോസിയേഷൻ ഹാളിൽ രാവിലെ 11:00 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.
എണ്ണായിരത്തിലധികം അംഗങ്ങളുള്ള തിരുവനന്തപുരം ബാർ അസോസിയേഷന്റെ പ്രൗഢഗംഭീരമായ പാരമ്പര്യത്തിലേക്ക് കടന്നുവരുന്ന നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇൻഡക്ഷൻ ചടങ്ങിന് മുന്നോടിയായി രാവിലെ 10:00 മണി മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ചടങ്ങിനോടനുബന്ധിച്ച് അഡ്വ. എസ്. വി. പ്രേമകുമാരൻ നായർ നയിക്കുന്ന "KNOW YOUR LEGACY" എന്ന പ്രത്യേക സെഷനും ഉണ്ടായിരിക്കുന്നതാണ്.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി. ഗോപീദാസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി അഡ്വ. സെബാസ്റ്റ്യൻ സൈമൺ സ്വാഗത പ്രസംഗം നടത്തും. തിരുവനന്തപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജ് ശ്രീമതി നസീറ എസ്. ചടങ്ങിൽ മുഖ്യപ്രഭാഷണം (Special Address) നടത്തും. അസോസിയേഷൻ ട്രഷറർ അഡ്വ. വിജേഷ് കാട്ടാക്കടൽ നന്ദി പ്രകാശിപ്പിക്കും. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുതിർന്ന അഭിഭാഷകരും പങ്കെടുക്കും.










