01:45am 12 May 2026
NEWS
തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിനാൽ ടിവികെ മന്ത്രി എസ്. കീർത്തനയ്ക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല .
11/05/2026  09:45 PM IST
സണ്ണി ലുക്കോസ്
തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിനാൽ ടിവികെ മന്ത്രി എസ്. കീർത്തനയ്ക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല .

ന്നു നടന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് എസ്. കീർത്തനയുടെ സത്യപ്രതിജ്ഞ തടഞ്ഞത്.  തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വരണാധികാരി നൽകുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' ഹാജരാക്കാതിരുന്നതാണ് കീർത്തനയ്ക്ക് വിനയായത്. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകിയില്ല. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ടിവികെ സർക്കാരിൽ മന്ത്രിയായ കീർത്തനയെയും സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. തുടർന്ന് പോഡിയത്തിനരികിലേക്ക് കീർത്തന നടന്നെത്തുകയും സത്യപ്രതിജ്ഞ ചൊല്ലാൻ തയ്യാറെടുക്കുകയുംചെയ്തു. ഇതിനിടെ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കൈ ഉയർത്തിക്കാണിക്കുകയും എംഎൽഎയോട് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ കീർത്തനയ്ക്ക് ഇത് ഹാജരാക്കാനായില്ല. തുടർന്ന് കീർത്തന പ്രിൻസിപ്പൽ സെക്രട്ടറിയുമായി വേദിയിൽവെച്ച് സംസാരിച്ചെങ്കിലും ഇരുവരും തമ്മിൽ എന്താണ് സംസാരിച്ചതെന്നും വ്യക്തമായില്ല.തിങ്കളാഴ്ച നടന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ടിവികെയുടെ മറ്റൊരു എംഎൽഎയ്ക്കും അബദ്ധം പിണഞ്ഞു. വേളാച്ചേരി നിയോജക മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ടിവികെ പ്രതിനിധി ആർ. കുമാർ മറ്റൊരാളുടെ 'സർട്ടിഫിക്കറ്റ്' ഹാജരാക്കിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ആർ. കുമാർ പ്രിൻസിപ്പൽ സെക്രട്ടറി മുൻപാകെ സർട്ടിഫിക്കറ്റെല്ലാം നൽകി സത്യപ്രതിജ്ഞ ചൊല്ലാൻ ഒരുങ്ങവെ പ്രിൻസിപ്പൽ സെക്രട്ടറി അദ്ദേഹത്തെ തടയുകയായിരുന്നു. ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ പേര് മറ്റൊരാളുടേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി സത്യപ്രതിജ്ഞ തടഞ്ഞത്. തുടർന്ന് ആർ. കുമാർ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് സദസ്സിൽ തന്റെയടുത്തായി ഇരുന്നിരുന്ന മറ്റൊരു ടിവികെ അംഗമായ ശ്രീനിവാസന്റെ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നും സർട്ടിഫിക്കറ്റുകൾ പരസ്പരം മാറിപ്പോയതാണെന്നും മനസിലായത്. ഇതോടെ നേരത്തേ സമർപ്പിച്ച സർട്ടിഫിക്കറ്റ് ശ്രീനിവാസന് തിരികെനൽകുകയും സ്വന്തം പേരിലുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കുകയുമായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img