01:25pm 25 August 2026
NEWS
'അറിവകം' എഐ നഗരം മുതൽ നവജാത ശിശുക്കൾക്ക് സ്വർണമോതിരം വരെ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ
05/08/2026  03:15 PM IST
nila
അറിവകം എഐ നഗരം മുതൽ നവജാത ശിശുക്കൾക്ക് സ്വർണമോതിരം വരെ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

ചെന്നൈ: ആദ്യ ബജറ്റിലൂടെ തന്നെ ജനശ്രദ്ധ നേടുകയാണ് ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന സൂചന നൽകുന്ന ബജറ്റിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, യുവജനക്ഷേമം, വനിതാ ക്ഷേമം, കായിക വികസനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. രാജ്യത്തെ ആദ്യ എഐ-ഇന്നോവേഷൻ നഗരം സ്ഥാപിക്കുന്നതാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. 'അറിവകം' എന്ന പേരിൽ ഒരുങ്ങുന്ന ഈ നഗരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്-ടെക് ഗവേഷണം, നവീകരണം എന്നിവയുടെ കേന്ദ്രമായി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എഐ സർവകലാശാല, അന്താരാഷ്ട്ര നൈപുണ്യ വികസന കേന്ദ്രം, സെമികണ്ടക്ടർ ഹാർഡ്‌വെയർ ടെസ്റ്റിങ് ലാബ്, മൾട്ടി-ഡൊമൈൻ ഇന്നോവേഷൻ ഇൻകുബേറ്ററുകൾ, ആധുനിക താമസസൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും.

വിദ്യാഭ്യാസ മേഖലയിലും നിരവധി ക്ഷേമപദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലസ് വൺ വിദ്യാർഥികൾക്ക് ബ്രാൻഡഡ് സൈക്കിളുകൾ വിതരണം ചെയ്യുന്നതിനൊപ്പം വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ, ഹെൽമെറ്റുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവയും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

സ്ത്രീകൾക്കും കുടുംബങ്ങൾക്കും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്നതും വിവാഹിതരാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്നതുമാണ് പ്രധാന ആകർഷണം.

കായിക മേഖലയിലും വലിയ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വർണമെഡലുകൾ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പത്ത് ഒളിമ്പിക് എക്സലൻസ് സെന്ററുകൾ സ്ഥാപിക്കും. പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി 'അരൻ' എന്ന പേരിൽ ഷെൽട്ടർ ഹോമുകൾ ആരംഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. താമസം, ഭക്ഷണം, കൗൺസിലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.

യുവജനങ്ങളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി 2031-ഓടെ അഞ്ച് ലക്ഷം യുവാക്കൾക്ക് എഐ പരിശീലനം നൽകും. കൂടാതെ ഏകദേശം 12 ലക്ഷം കോളേജ് വിദ്യാർഥികൾക്കും ഒരു ലക്ഷം തൊഴിലില്ലാത്ത യുവാക്കൾക്കും നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഏറെ ചർച്ചയായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ആദ്യ ബജറ്റിൽ ഇടംപിടിച്ചില്ല. ഒരു കുടുംബത്തിന് വർഷത്തിൽ ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന വാഗ്ദാനവും ബജറ്റിൽ പരാമർശിച്ചിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img