
നടൻ വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. അമ്പത്തിരണ്ടുകാരനായ വി.അയ്യപ്പനാണ് ജീവനൊടുക്കിയത്. വിജയ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിലെ മാനസിക വിഷമത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. ഭാര്യയും രണ്ടു മക്കളുമുള്ള അയ്യപ്പൻ, കഴിഞ്ഞ 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമായിരുന്നു.
ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് അയ്യപ്പൻ വീട്ടിൽ ജീവനൊടുക്കിയത്. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ പരാമർശമുണ്ട്. പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിലുണ്ട്. ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു.
അതേസമയം, കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിൽ, ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ ഇന്നലെ അറസ്റ്റിലായി. ജനറൽ സെക്രട്ടറി എൻ.ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ എന്നിവരെ കണ്ടെത്താൻ 5 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.











