04:56am 21 May 2026
NEWS
മന്ത്രിസഭയിൽ ചേരാൻ സഖ്യകക്ഷികളോട് ടിവികെ; ഇടതു പാർട്ടികൾ പുറത്തുനിന്ന് പിന്തുണയ്ക്കും
20/05/2026  04:25 PM IST
nila
മന്ത്രിസഭയിൽ ചേരാൻ സഖ്യകക്ഷികളോട് ടിവികെ; ഇടതു പാർട്ടികൾ പുറത്തുനിന്ന് പിന്തുണയ്ക്കും

ചെന്നൈ: വിജയ് സർക്കാരിൽ സഖ്യകക്ഷികളും പങ്കാളികളാകണമെന്ന് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടിവികെ. പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതി, മതേതരത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മുഖ്യമന്ത്രി ഉടൻ നടത്തുമെന്നാണ് ആധവ് അർജുനയുടെ പ്രതികരണം. 

സഖ്യകക്ഷികളിലെ നിയമസഭാംഗങ്ങൾക്കും മന്ത്രിസഭയിൽ അവസരം നൽകണമെന്ന് വിജയ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇടതുപാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണ തുടരാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നും അതിനെ ടിവികെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു.

"വിടുതലൈ ചിരുതൈഗൽ കക്ഷി നേതാവ്  തിരുമാവളവനെ മന്ത്രിസഭയിൽ അംഗമാകാൻ പാർട്ടി ക്ഷണിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് വിഭാഗത്തിലുള്ള നമ്മുടെ ഇസ്ലാമിക സഹോദരങ്ങളും മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർഥിക്കുന്നു. "മന്ത്രിസഭ ഒരു കുടുംബം പോലെ ആയിരിക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. വിസികെ ആയാലും മുസ്ലിം ലീഗായാലും കോൺഗ്രസായാലും എല്ലാവരും മന്ത്രിസഭയിൽ പങ്കെടുക്കണമെന്ന ഞങ്ങളുടെ ആഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ചു," അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഉൾപ്പെടെ എല്ലാ സഖ്യകക്ഷികളും സർക്കാരിൽ പങ്കാളികളാകണമെന്നതാണ് ടിവികെയുടെ നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭ ഒരു കുടുംബം പോലെ പ്രവർത്തിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്നും, ഇക്കാര്യത്തിൽ വിവിധ പാർട്ടികൾ ആലോചിച്ച് ഉടൻ തന്നെ സർക്കാരിനെ തീരുമാനമറിയിക്കുമെന്നും ആധവ് അർജുന വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img