
ദോഹ/അങ്കാറ: ആഗോള പ്രതിരോധ മേഖലയിൽ മിസൈൽ - റോക്കറ്റ് സാങ്കേതികവിദ്യയുടെ കരുത്തിൽ വൻ മുന്നേറ്റത്തിനൊരുങ്ങി തുർക്കി. രാജ്യത്തെ പ്രമുഖ പ്രതിരോധ സ്ഥാപനമായ 'റോക്കറ്റ്‌സാൻ' (Roketsan) ലോകത്തെ മികച്ച പത്ത് ആയുധ കയറ്റുമതിക്കാരുടെ പട്ടികയിൽ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കമ്പനി ജനറൽ മാനേജർ മുറാത്ത് ഇക്കിഞ്ച അറിയിച്ചു. നിലവിൽ ഏകദേശം 50 രാജ്യങ്ങളിലേക്ക് റോക്കറ്റ്‌സാൻ പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യുന്നുണ്ട്.
പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ അതിജീവിച്ച് ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് തുർക്കിയുടെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നാലായിരത്തോളം ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഉൾപ്പെടുത്തി നിർമ്മിച്ച ശൃംഖല വഴി പ്രതിരോധ ഉൽപ്പാദനത്തിന്റെ 90 ശതമാനവും ആഭ്യന്തരമായി പൂർത്തിയാക്കാൻ തുർക്കിക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 10 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് തുർക്കിയുടെ പ്രതിരോധ മേഖല കൈവരിച്ചത്.
റഷ്യ-യുക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ റോക്കറ്റ്‌സാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'തയ്ഫൂൺ' (Tayfun) ബാലിസ്റ്റിക് മിസൈൽ പദ്ധതി. വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലുകളും ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്നുണ്ട്.ഖത്തർ ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങളുമായി വെറും ആയുധ വിപണനത്തിന് അപ്പുറം സാങ്കേതിക കൈമാറ്റവും സംയുക്ത നിർമ്മാണവും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പങ്കാളിത്തത്തിനാണ് തുർക്കി മുൻഗണന നൽകുന്നത്. ആഗോളതലത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ഈ വിടവ് നികത്തി ആഗോള വിപണി പിടിച്ചെടുക്കാനാണ് റോക്കറ്റ്‌സാൻ പദ്ധതിയിടുന്നത്. ഇതിനായി ഗവേഷണ വികസന (R&D) മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനും കമ്പനി ലക്ഷ്യമിടുന്നു.










