
ലണ്ടൻ: ബ്രിട്ടനിലെ ലേബർ പാർട്ടി എംപിയും മുൻ മന്ത്രിയുമായ തുലിപ് സിദ്ദിഖിന് ബംഗ്ലാദേശ് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ചു. അഴിമതി കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തപ്പെട്ടതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. അതേസമയം, വിധി രാഷ്ട്രീയ പ്രേരിതമാണെന്നും ന്യായവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും ലേബർ പാർട്ടി ആരോപിച്ചു. അഴിമതി ആരോപണങ്ങളെ തുടർന്ന് തുലിപ് സിദ്ദിഖിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു.
ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സഹോദരിപുത്രിയായ തുലിപ് സിദ്ദിഖ്, ഹസീനയടക്കമുള്ള കുടുംബാംഗങ്ങൾക്കെതിരായ അഴിമതി കേസുകളുടെ ഭാഗമായി ശിക്ഷിക്കപ്പെട്ടവരിൽ ഒരാളാണ്. ഷെയ്ഖ് ഹസീനയ്ക്കും കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങൾക്കും വിവിധ കേസുകളിൽ ഇതിനകം തന്നെ തടവുശിക്ഷകൾ വിധിച്ചിട്ടുണ്ട്. പ്രതികൾ ഹാജരാകാതെയാണ് ഈ കേസുകളിലെ വിചാരണ നടന്നത്. ആരോപണങ്ങളെല്ലാം പ്രതികൾ നിഷേധിച്ചിരുന്നു.
തുലിപിന് ന്യായമായ വിചാരണയ്ക്കുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടുവെന്നാണ് ലേബർ പാർട്ടിയുടെ പ്രതികരണം. കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നും, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നും പാർട്ടി വക്താവ് അറിയിച്ചു. അതിനാൽ ഈ ശിക്ഷാവിധി അംഗീകരിക്കാനാവില്ലെന്നും ലേബർ പാർട്ടി വ്യക്തമാക്കി.
ഇത് തുലിപ് സിദ്ദിഖിന് ലഭിക്കുന്ന രണ്ടാമത്തെ തടവുശിക്ഷയാണ്. 2025 ഡിസംബറിൽ, ധാക്കയ്ക്ക് സമീപമുള്ള ഭൂമി കൈക്കലാക്കുന്നതിനായി അമ്മായിയായ ഷെയ്ഖ് ഹസീനയെ സ്വാധീനിച്ചെന്ന കേസിൽ തുലിപിന് രണ്ട് വർഷം തടവ് നേരത്തെ വിധിച്ചിരുന്നു.
വിമർശനങ്ങളുമായി തുലിപ് സിദ്ദിഖും രംഗത്തെത്തി. തന്റെ കേസിലെ വിചാരണ തുടക്കം മുതൽ അവസാനം വരെ പരിഹാസ്യമായ രീതിയിലായിരുന്നുവെന്നും, ഒന്നര വർഷമായി തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ബംഗ്ലാദേശ് അധികൃതർ ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അവർ ആരോപിച്ചു.
ഷെയ്ഖ് ഹസീനയുടെ സഖ്യകക്ഷികൾ ലണ്ടനിൽ കൈവശംവച്ചിരുന്ന സ്വത്തുവകകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായതിനെ തുടർന്ന്, 2025 ജനുവരിയിലാണ് തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് ട്രഷറി മന്ത്രിസ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിലെ കോടതിവിധികളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായത്.










