
ദോഹ: പണ്ഡിത പാരമ്പര്യത്തിലെ സമാനതകളില്ലാത്ത കണ്ണിയായിരുന്ന ടി.എസ്. ഇബ്രാഹിം കുട്ടി മുസ്‌ലിയാർ നാടിന്റെ ആത്മീയ-ഭൗതിക വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നായകനായിരുന്നുവെന്ന് മാഹീ മുസ്‌ലിം വെൽഫെയർ അസോസിയേഷൻ (MMWA) പ്രസിഡന്റ് റിസ്‌വാൻ ചാലക്കര. ഐ.സി.സി അശോക ഹാളിൽ നടന്ന ഇബ്രാഹിം കുട്ടി മുസ്‌ലിയാർ അനുസ്മരണ പ്രാർത്ഥനാ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കീർണ്ണമായ തർക്കങ്ങളിൽ കൃത്യമായ തീരുമാനമെടുക്കാനും ആശയക്കുഴപ്പങ്ങളുടെ ഇരുട്ടുമാറ്റാനും ഉസ്താദിന്റെ ഇടപെടലുകൾക്ക് സാധിച്ചിരുന്നു. പല കാര്യങ്ങളിലും അദ്ദേഹം അക്ഷരവിളക്കും അവസാന വാക്കുമായിരുന്നുവെന്നും റിസ്‌വാൻ അനുസ്മരിച്ചു.
പ്രിയ ഉസ്താദിന്റെ വിയോഗത്തിൽ മാഹീ മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ അഗാധമായ ദുഃഖം അദ്ദേഹം രേഖപ്പെടുത്തി. ഉസ്താദിന്റെ പാരത്രിക ജീവിതം സർവ്വശക്തൻ സന്തോഷകരമാക്കട്ടെ എന്ന് പ്രാർത്ഥിച്ച റിസ്‌വാൻ, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും ശിഷ്യഗണങ്ങൾക്കും സമാധാനം നേരുന്നതായും അറിയിച്ചു.











