09:21pm 14 June 2024
NEWS
ദാമ്പത്യം തകരാതിരിക്കാൻ വിവാഹത്തിന് മുമ്പ് അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ
11/06/2024  08:22 AM IST
എം.പി
ദാമ്പത്യം തകരാതിരിക്കാൻ വിവാഹത്തിന് മുമ്പ് അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ

വിവാഹത്തിന് മുൻപ്, പെണ്ണിന്റേയും ചെറുക്കന്റേയും പല പൊരുത്തങ്ങളും നോക്കുന്നു. ജാതകം, ജോഡിപ്പൊരുത്തം, വിദ്യാഭ്യാസം, ഉദ്യോഗം, സ്വത്തു വിവരം, കുടുംബപശ്ചാത്തലം എന്നിങ്ങനെ എല്ലാകാര്യങ്ങളും അന്വേഷിക്കുന്നവർ വിവാഹത്തിന് ശേഷമുള്ള ദാമ്പത്യബന്ധത്തെപ്പറ്റി ചിന്തിക്കുന്നില്ല. മാത്രമല്ല വധൂവരന്മാർക്ക് വേണ്ട ബോധവൽക്കരണവും നടത്തുന്നില്ല. അതിന്റെ ഫലമായി വിവാഹത്തിനുശേഷം പല ബുദ്ധിമുട്ടുകളുമുണ്ടായി കുടുംബത്തിൽ ഭൂകമ്പം പൊട്ടിപുറപ്പെടുന്നു. ദമ്പതിമാർ വേർപിരിയുന്നു. ഇത്തരം വിവാഹബന്ധ വേർപെടലുകൾ അഥവാ ഡിവോഴ്‌സുകൾ നമ്മുടെ നാട്ടിലാണ് ഏറ്റവും കൂടുതൽ നടക്കുന്നത്. അതുകൊണ്ടാണ് 'മക്കളുടെ വിവാഹത്തിന് നാളും നക്ഷത്രവും നോക്കുന്ന രക്ഷിതാക്കൾക്ക് അവരുടെ ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് വൈദ്യപരിശോധനകളും ആകാമല്ലോ' എന്ന അഭിപ്രായം ഇപ്പോൾ പരക്കെയുള്ളത്. വിവാഹത്തിന് മുൻപ് സ്ത്രീ-പുരുഷൻ, രണ്ടുപേരും വൈദ്യപരിശോധന നടത്തേണ്ടത് ഇന്ന് കാലത്തിന്റെ അനിവാര്യതയാണ്. അത് ദാമ്പത്യജീവിതം സന്തുഷ്ടമായി നിലനിർത്തുവാൻ സഹായിക്കും. എന്നാൽ ഈ സത്യം ഇന്ന് മിക്കവരും മനസ്സിലാക്കുന്നില്ല. ഇക്കാര്യത്തിന് അർഹമായ വില കൽപ്പിക്കാത്തതുകൊണ്ടാണ് ദാമ്പത്യബന്ധത്തിന് യോഗ്യതയില്ലാത്തവർ പോലും തങ്ങളുടെ കുറവുകൾ മറച്ചുവെച്ചുകൊണ്ട് വിവാഹം നടത്തുന്നത്. ഇത് വലിയ കബളിപ്പിക്കലാണ്. പിന്നീട് സത്യം പുറത്ത് അറിയുമ്പോൾ രണ്ട് കുടുംബക്കാരും തമ്മിൽ ശത്രുതയുണ്ടാവുന്നു. അനാവശ്യമായ പലതരം പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. അവർ നേരത്തെ ഡോക്ടറുടെ നിർദ്ദേശങ്ങൾ ആരാഞ്ഞിരുന്നുവെങ്കിൽ ജീവിതം തകരാതെ രക്ഷപ്പെടുത്താമായിരുന്നു. പക്ഷേ  എങ്ങനെയെങ്കിലും വിവാഹം നടത്തണം, എന്തുവന്നാലും പിന്നീട് നോക്കാം എന്ന കടുത്ത ചിന്തയാണ് ഇന്നും ജനങ്ങൾക്കിടയിലുള്ളത്. 'പ്രീമാരിട്ടൽ കൗൺസിലിംഗ്' എന്ന വിവാഹത്തിന് മുൻപുള്ള ലൈംഗിക-മാനസിക- ശാരീരിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൂടുതൽ ജോഡികൾ(വധു-വരൻ)ക്ക് നൽകപ്പെടുന്നില്ല. അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തന്നെ ലജ്ജിക്കുന്നു. ഇന്റർനെറ്റിൽ കാണുന്ന അവിശ്വസനീയവും തെറ്റായതുമായ വിഷയങ്ങളിൽ അവർ അങ്ങേയറ്റം വിശ്വസിക്കുന്നു. അത് യഥാർത്ഥജീവിതത്തിന് ഉപകാരപ്രദമാവുന്നില്ല.  കാരണം പല കുരുക്കുകളുമുണ്ടായി ദമ്പതികൾക്കിടയിൽ മാനസിക വൈഷമ്യങ്ങൾ ഉണ്ടാവുന്നു.

സമൂഹമാധ്യമങ്ങളിൽ കാണുന്ന ഏതൊരു കാര്യവും ശാസ്ത്രീയമായ അറിവാകുന്നില്ല. പല തെറ്റായ വിവരങ്ങൾ ഇവ നൽകുന്നുണ്ട്. അതാണ് യഥാർത്ഥത്തിൽ ജീവിതപാത തെറ്റിച്ചുവിടുന്നതും. ലൈംഗിക വിദ്യാഭ്യാസം വേണ്ടാ എന്ന് വാദിക്കുന്നവർ, ദമ്പതികൾക്കിടെ പ്രശ്‌നങ്ങളുണ്ടായ ശേഷം ഏത് ഡോക്ടറെ സമീപിച്ചാൽ പ്രശ്‌നപരിഹാരം ലഭിക്കും എന്ന് നെട്ടോട്ടമോടുന്നു. അങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാതിരിക്കുവാൻ വിവാഹത്തിന് മുമ്പുതന്നെ യഥാവിധിയുള്ള വൈദ്യപരിശോധന അത്യന്താപേക്ഷിതമാണ്. സ്ത്രീയും പുരുഷനും രണ്ടുപേരും അത് ചെയ്‌തേ മതിയാവൂ. താൻ വിവാഹം കഴിക്കാനിരിക്കുന്നയാൾ തന്റെ ജീവിതപങ്കാളിയാവാൻ അനുയോജ്യനോ അനുയോജ്യയോ ആണോ എന്ന് ഡോക്ടർ മൂലം മനസ്സിലാക്കാൻ ആണിനും പെണ്ണിനും ഒരുപോലെ അവകാശമുണ്ട്. അവർ/ അവൾ യോഗ്യതയുള്ളവരല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്തിരിയാം. അതിലൂടെ വഴക്കും വിവാദങ്ങളും മാനസിക സംഘർഷങ്ങളും ഒഴിവാക്കാനാവും. വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതുമാത്രമല്ല രക്ഷിതാക്കളുടെ ഉത്തരവാദിത്വവും കടമയും. അതിനുശേഷമുള്ള ദീർഘകാല ജീവിതത്തിനായി അടിത്തറയുണ്ടാക്കി കൊടുക്കേണ്ടതും മാതാപിതാക്കളുടെ കടമയാണ്. 'എന്റെ മകളുടെ ജാതകം തരാം നിങ്ങളുടെ മകന്റെ ജാതകം തരൂ' എന്ന് സ്വാതന്ത്ര്യത്തോടെ ചോദിക്കുന്ന രക്ഷിതാക്കൾ അതുപോലെ തന്നെ വൈദ്യപരിശോധനയുടെ ഫലങ്ങളും കൈമാറ്റം ചെയ്യണം. ഇത് പ്രാവർത്തികമാക്കിയാൽ മിക്കവാറും വിവാഹമോചനങ്ങൾ ഒഴിവാക്കാനാവും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
* വരന് മദ്യപാനശീലം ഉണ്ടോ?
* പുകവലി മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടോ?
* എന്തെങ്കിലും ലൈ -ഗിക രോഗങ്ങളുണ്ടോ?
* ലൈ- ഗിക ജീവിതത്തിന് യോഗ്യനാണോ?
* എന്തെങ്കിലും പകർച്ചവ്യാധികളുണ്ടോ?
* മാനസിക ആരോഗ്യം ഉള്ളയാളാണോ?
* ഹൃദയത്തിന് ബലഹീനതയുണ്ടോ?
* മുൻപ് എന്തെങ്കിലും തരത്തിലുള്ള വലിയ ശസ്ത്രക്രിയാ ചികിത്സകൾ നടത്തിയിട്ടുണ്ടോ? ഇതുപോലുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അന്വേഷിച്ചു കണ്ടുപിടിച്ചശേഷം വിവാഹം കഴിച്ചാൽ ദാമ്പത്യജീവിതം വിജയകരമായി തീരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM