03:07am 15 May 2025
NEWS
ചികിത്സാരംഗത്തെ വിശ്വാസ്യത മെഡിക്കല്‍ ട്രസ്റ്റിന്റെ ശക്തി: ഗവര്‍ണര്‍
17/04/2025  07:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചികിത്സാരംഗത്തെ വിശ്വാസ്യത മെഡിക്കല്‍ ട്രസ്റ്റിന്റെ ശക്തി: ഗവര്‍ണര്‍
HIGHLIGHTS

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്കിന്റെ ഉദ്ഘാടനം എറണാകുളം ടാജ് വിവാന്റയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വ്വഹിക്കുന്നു. ടി.ജെ.വിനോദ് എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, ഡോ.പി.വി.ലൂയിസ്, മന്ത്രി പി.രാജീവ്, ഡോ.പി.വി.തോമസ്, പി.വി.സേവ്യര്‍ എന്നിവര്‍ സമീപം.

കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി : സൗത്ത് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു മെഡിക്കല്‍ രംഗത്ത് ആവശ്യമായ സേവനത്വരയും  മാനുഷിക പരിഗണനയും ഒരുപോലെ പുലര്‍ത്തിയതാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. ചികിത്സാ രംഗത്തെ വിശ്വാസ്യതയാണ് ഇതിനുള്ള മൂലധനം.മെഡിക്കല്‍ ട്രസ്റ്റ് സ്ഥാപകന്‍ ഡോ. വര്‍ഗീസ് പുളിക്കന്‍ സ്വപ്നം കണ്ട വളര്‍ച്ച  ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്കിന്റെ ഉദ്ഘാടനം എറണാകുളം ടാജ് വിവാന്റയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഗ്രാമങ്ങളില്‍ ഇപ്പോഴും മതിയായ മെഡിക്കല്‍ സേവനത്തിന്റെ ലഭ്യതക്കുറവുണ്ട്. സര്‍ക്കാരുകള്‍ക്ക് പരിമിതകള്‍ ഉണ്ട്. ജനവിശ്വാസ്യത ആര്‍ജിച്ച ആശുപത്രികള്‍ ഗ്രാമങ്ങളിലേയ്ക്കും തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിന് കര്‍മ്മപദ്ധതികള്‍ രൂപീകരിക്കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. 

ചടങ്ങില്‍ മെഡിക്കല്‍ ആന്‍ഡ്  കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ. പി.വി. തോമസ് സ്വാഗതം പറഞ്ഞു. മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം.പി., ടി. ജെ. വിനോദ് എം.എല്‍.എ, മെഡിക്കല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ് എന്നിവര്‍ സംസാരിച്ചു. ഫിനാന്‍സ് ഡയറക്ടര്‍ പി.വി. സേവ്യര്‍ ഗവര്‍ണര്‍ക്ക് മൊമെന്റോ സമ്മാനിച്ചു.ആധുനിക ചികില്‍സാ സംവിധാനങ്ങളായ  റോബോട്ടിക് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് സെന്റര്‍, ബൈ പ്ലെയിന്‍ കാത്ത് ലാബ് ,ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍-ടി സെല്‍ തെറാപ്പി തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കും, മെഡിക്കല്‍ ടൂറിസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാണ് സൗത്ത് ബ്ലോക്ക് എന്ന പേരില്‍ നിലവിലെ ആശുപത്രിക്ക് സമീപം പുതിയ ബഹുനില കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കിയതെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.