06:06am 10 November 2026
NEWS
ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് തൽസമയം കണ്ട് ഡൊണാൾഡ് ട്രംപ്
22/06/2025  03:05 PM IST
nila
ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് തൽസമയം കണ്ട് ഡൊണാൾഡ് ട്രംപ്

അമേരിക്കൻ വ്യോമസേന ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് തൽസമയം കണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്നാണ് ട്രംപും ഉന്നത ഉദ്യോ​ഗസ്ഥരും ഇറാനിലെ ആക്രമണം തൽസമയം കണ്ടത്. ട്രംപും സംഘവും ആക്രമണം തൽസമയം കാണുന്നതിന്റെ ദൃശ്യങ്ങൾ വൈറ്റ് ​ഹൗസ് പുറത്തുവിട്ടു. 

‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന വാചകങ്ങളുള്ള ചുവന്ന തൊപ്പി ധരിച്ചാണ് ട്രംപ് ആക്രമണം വീക്ഷിക്കുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.  ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരും സന്നിഹിതരായിരുന്നു. തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ആക്രമണ വിവരം ട്രംപ് പുറത്തുവിട്ടത്. 

അടിയന്തര സാഹചര്യങ്ങളിൽ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സാഹചര്യങ്ങൾ നിരീക്ഷിക്കാനും നടപടികൾ നിർദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷൻ റൂം എന്നറിയപ്പെടുന്നത്. ഒസാമ ബിൻലാദനെ വധിച്ച പാക്കിസ്ഥാനിലെ ഓപ്പറേഷൻ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ നിരീക്ഷിച്ചതും ഈ മുറിയിൽ ഇരുന്നാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img