
ടെഹ്റാൻ: ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. ഇറാന്റെ ഏറ്റവും നിർണായകമായ എണ്ണ കയറ്റുമതി കേന്ദ്രമായ ഈ ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ - അമേരിക്കൻ സഖ്യം ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുന്നതിനിടെയാണ് ഈ നീക്കം ചർച്ചയായിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക ശക്തിയുടെ പ്രധാന കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിനെ നിയന്ത്രണത്തിലാക്കുകയോ ശക്തമായി ആക്രമിക്കുകയോ ചെയ്യാനുള്ള സാധ്യതയാണ് അമേരിക്ക പരിശോധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഖാർഗ് ദ്വീപിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പ് നൽകി. നിലവിലെ വ്യോമാക്രമണങ്ങളിൽ ദ്വീപിലെ നിരവധി സൈനിക കേന്ദ്രങ്ങൾ തകർന്നുവെന്നും ആവശ്യമുണ്ടെങ്കിൽ വീണ്ടും വീണ്ടും ആക്രമണം നടത്താമെന്നുമാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനയെ ഇറാൻ ഗുരുതര മുന്നറിയിപ്പായി കാണുകയാണ്. ഖാർഗ് ദ്വീപിന് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാകുകയാണെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ കുടുങ്ങുന്ന സാഹചര്യം തുടരുകയാണെങ്കിൽ ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കൻ കരസേന വിന്യസിക്കേണ്ടിവരുമെന്ന ആശങ്ക അമേരിക്കൻ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു.
ഇതിനിടെ, ട്രംപിന്റെയും അമേരിക്കൻ സൈന്യത്തിന്റെയും നീക്കങ്ങൾ ഇറാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടാൽ അമേരിക്കയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് ഇറാൻ സൈനിക നേതൃത്വം നൽകുന്നത്.
ഇറാന്റെ ‘കിരീടത്തിലെ രത്നം’
ഇറാൻ തീരത്ത് നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ്. ഏകദേശം 8 കിലോമീറ്റർ നീളവും 4 മുതൽ 5 കിലോമീറ്റർ വരെ വീതിയുമുള്ള ഈ ദ്വീപിൽ ഏകദേശം 8000 പേർ താമസിക്കുന്നു. വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴമുള്ള കടൽത്തീരമാണ് ഇവിടെ ഉള്ളത് എന്നതാണ് പ്രധാന പ്രത്യേകത.
1960-കളിൽ മുതൽ തന്നെ ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഹൃദയഭാഗമായാണ് ഖാർഗ് ദ്വീപ് പ്രവർത്തിക്കുന്നത്. ഇറാന്റെ സമുദ്രതീരങ്ങളിൽ ഭൂരിഭാഗവും ആഴം കുറഞ്ഞതായതിനാൽ ലോകത്തിലെ വലിയ എണ്ണക്കപ്പലുകൾക്ക് അവിടേക്ക് എത്താൻ കഴിയില്ല. അതിനാൽ ആഴക്കടലിലുള്ള ഖാർഗ് ദ്വീപ് ഇറാന്റെ എണ്ണ വ്യാപാരത്തിന് അതീവ നിർണായകമാണ്.
ഇറാൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ഏകദേശം 90 ശതമാനവും ഈ ദ്വീപിലൂടെ തന്നെയാണ് പോകുന്നത്. ദ്വീപിന്റെ തെക്കൻ ഭാഗത്ത് വലിയ എണ്ണ സംഭരണികളും കടലിലേക്ക് നീണ്ടുനിൽക്കുന്ന ജെട്ടികളും നിർമ്മിച്ചിരിക്കുന്നു. ഇറാനിലെ പ്രധാന കരയിലുള്ള എണ്ണപ്പാടങ്ങളിൽ നിന്ന് കടലിനടിയിലൂടെ വരുന്ന പൈപ്പ്ലൈൻ വഴിയാണ് ഇവിടെ എണ്ണ എത്തിക്കുന്നത്.











