11:26pm 07 July 2026
NEWS
'അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകില്ല'; 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന് തുടക്കമിട്ട് ട്രംപ്
05/07/2026  08:18 AM IST
nila
അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകില്ല; 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന് തുടക്കമിട്ട് ട്രംപ്

വാഷിങ്ടൺ ഡിസി: രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി 'കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ വ്യാപനമാണെന്ന്' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട ചടങ്ങിൽ പ്രസം​ഗിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചരിത്രപ്രസിദ്ധമായ മൗണ്ട് റഷ്മോറിൽ നടന്ന ചടങ്ങിൽ പ്രോഗ്രസ്സീവ് ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ട്രംപ് ഉയർത്തിയത്. 

അമേരിക്കൻ ചരിത്രത്തിലെ നാല് മുൻ പ്രസിഡന്റുമാരുടെ മുഖങ്ങൾ കൊത്തിയ മൗണ്ട് റഷ്മോറിന് മുന്നിൽ സംസാരിച്ച ട്രംപ്, രാജ്യത്തിന്റെ സ്ഥാപക മൂല്യങ്ങളും ദേശീയ അഭിമാനവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. മുൻ നേതാക്കളുടെ പാത പിന്തുടർന്ന് കൂടുതൽ ശക്തവും ധീരവുമായ അമേരിക്കയെ കെട്ടിപ്പടുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കുടിയേറ്റ നയവും പ്രസംഗത്തിലെ പ്രധാന വിഷയമായി. അമേരിക്കയിലേക്ക് എത്തുന്ന ചില കുടിയേറ്റക്കാർ രാജ്യത്തിന്റെ സംസ്കാരത്തിനും മൂല്യങ്ങൾക്കും വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച ട്രംപ്, അത്തരം പ്രവണതകൾക്ക് തന്റെ ഭരണകൂടം വഴങ്ങില്ലെന്ന് വ്യക്തമാക്കി. ആവശ്യമെങ്കിൽ നിയമനടപടികളിലൂടെ അനാവശ്യ കുടിയേറ്റക്കാരെ പുറത്താക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

"അമേരിക്കൻ ജനത കമ്മ്യൂണിസത്തെ പരാജയപ്പെടുത്തും. അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകില്ല," എന്ന് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു.

മിഡ്ടേം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രംപ് വീണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ നിലപാട് ശക്തമായി ഉയർത്തിക്കാട്ടുന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ രാഷ്ട്രീയ സന്ദേശമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, യുഎസ്–ഇസ്രായേൽ സഖ്യത്തിന്റെ ഇറാൻ നയവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭരണകൂടത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പണപ്പെരുപ്പവും ഇന്ധനവില വർധനവും ജനങ്ങളിൽ അസംതൃപ്തി ഉയർത്തുന്ന സാഹചര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ട്രംപിന്റെ വിദേശനയത്തെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങൾ ശക്തമാകുകയാണ്.

അതേസമയം, ന്യൂയോർക്ക്, കൊളറാഡോ, കെന്റക്കി, ഒഹായോ, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രൈമറി തെരഞ്ഞെടുപ്പുകളിൽ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ നേടിയ വിജയങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനയാണെന്നും, അതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img