
അന്താരാഷ്ട്ര മാഫിയ സംഘത്തിൽപെട്ടവരെ നാടുകടത്തി അമേരിക്ക. കോടതി ഉത്തരവ് മറികടന്നായിരുന്നു ഇക്കുറി ട്രംപ് ഭരണകൂടം 238 പേരെ നാടുകടത്തിയത്. കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘമായ 'ട്രെൻ ദെ അരാഗ്വ' സംഘത്തിൽ പെട്ടവരെന്ന് അമേരിക്ക ആരോപിക്കുന്നവരെയാണ് എൽ സാവദോറിലെ കുപ്രസിദ്ധ ജയിലായ ടെററിസം കൺഫൈൻമെന്റ് സെന്ററിലേക്ക് മാറ്റിയത്. ഇവരെ നാടുകടത്താനുള്ള തീരുമാനത്തിനെതിരെ കോടതി വിധി പുറപ്പെടുവിച്ചെങ്കിലും കോടതി വിധിക്ക് മുമ്പ് തന്നെ തടവുകാരുമായി വിമാനം അമേരിക്കയുടെ അതിർത്തി കടന്നിരുന്നു.
'ട്രെൻ ദെ അരാഗ്വ' സംഘത്തിൽ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 238 പേർക്കൊപ്പം എം.എസ്-13 എന്ന അന്താരാഷ്ട്ര മാഫിയ ഗാങ്ങിൽ പെട്ടവരെന്ന് സർക്കാർ പറയുന്ന 23 പേരെയും എൽ സാവദോറിലേക്ക് മാറ്റിയിട്ടുണ്ട്. എൽ സാവദോർ പ്രസിഡന്റാണ് ഇവരെ രാജ്യത്തേക്ക് കൊണ്ടുവന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അമേരിക്കയോ എൽ സാവദോറോ നാടുകടത്തപ്പെട്ടവരുടെ കുറ്റകൃത്യ പശ്ചാത്തലങ്ങളേപ്പറ്റി വെളിപ്പെടുത്തിയിട്ടില്ല.
ഫോറിൻ എനിമീസ് ആക്ട് ഉപയോഗിച്ചാണ് ഇവരെ നാടുകടത്തിയത്. അമേരിക്ക യുദ്ധത്തിലേർപ്പെടുന്ന സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന നിയമമാണിത്. ഇതിനെതിരെ ഫെഡറൽ കോടതി ഉത്തരവിറക്കിയിരുന്നുവെങ്കിലും അതിനുമുമ്പുതന്നെ ഇവരേയും വഹിച്ചുകൊണ്ടുള്ള വിമാനം അമേരിക്കയിൽ നിന്ന് പറന്നുയർന്നിരുന്നു.
ഒരുവർഷത്തേക്ക് ഇവരെ ജയിലിൽ പാർപ്പിക്കുമെന്നും വേണ്ടിവന്നാൽ തടവ് കാലം വർധിപ്പിക്കുമെന്നും എൽ സാവദോർ പ്രസിഡന്റ് വ്യക്തമാക്കി. ഇവരെ ജയിലിൽ പാർപ്പിക്കാനുള്ള ചെലവ് അമേരിക്ക വഹിക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അത് ചെറിയ തുകയാണെങ്കിലും തങ്ങൾക്കത് വലിയ തുകയാണെന്ന് അദ്ദേഹം സമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.