
വാഷിങ്ടൺ: ആണവായുധ നിയന്ത്രണ രംഗത്ത് പുതിയ ഉടമ്പടി അനിവാര്യമാണെന്ന നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും റഷ്യയും തമ്മിലുള്ള ‘ന്യൂ സ്റ്റാർട്ട്’ ആണവ കരാറിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ആധുനികവത്കരിച്ചതും നിലവിലെ സുരക്ഷാ സാഹചര്യങ്ങൾക്ക് അനുയോജ്യവുമായ ഒരു പുതിയ ആണവ ഉടമ്പടി ആവശ്യമാണെന്നായിരുന്നു തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രംപ് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. ഇതിന് വേണ്ടി യുഎസിലെ ആണവ വിദഗ്ധർ പ്രവർത്തനം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, 2010ലെ ന്യൂ സ്റ്റാർട്ട് ഉടമ്പടി നീട്ടണമെന്ന റഷ്യയുടെ ആവശ്യത്തോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കരാർ നീട്ടാൻ യുഎസ് തയ്യാറാണെങ്കിൽ തങ്ങൾക്കും സമ്മതമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം പഴയ ഉടമ്പടിക്ക് പകരം പുതിയ കരാറിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പുതിയ ആണവ കരാറിൽ ചൈനയെയും ഉൾപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ചൈനയുടെ ആണവായുധശേഖരം വേഗത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ, ആഗോള ആണവ നിയന്ത്രണ ചർച്ചകളിൽ ചൈനയെ പങ്കാളിയാക്കണമെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. എന്നാൽ ഈ വിഷയത്തിൽ ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വ്യാഴാഴ്ചയാണ് യുഎസും റഷ്യയും തമ്മിലുള്ള അവസാന ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് കാലഹരണപ്പെട്ടത്. ഇതോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ ആണവായുധങ്ങളെ നിയന്ത്രിക്കുന്ന നിയമപരമായ കരാറുകൾ ഒന്നും ശേഷിക്കുന്നില്ല. 2010ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവുമാണ് കരാറിന്റെ പുതുക്കിയ പതിപ്പിൽ ഒപ്പുവച്ചത്. 2021ൽ അവസാനിക്കേണ്ടിയിരുന്ന കരാർ പിന്നീട് അഞ്ചുവർഷത്തേക്ക് കൂടി നീട്ടിയിരുന്നു.











