
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി അധുകാരമേറ്റതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇന്ത്യയിൽ കൂടുതൽ ട്രംപ് ടവറുകൾ നിർമ്മിക്കാനാണത്രെ അമേരിക്കൻ പ്രസിഡന്റ് പദ്ധതിയിടുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ ആറ് ട്രംപ് ടവറുകൾ കൂടി ഇന്ത്യയിൽ നിർമ്മിക്കും. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ട്രംപ് ടവറുകളുള്ള രാജ്യമായി ഇന്ത്യ മാറും.
നിലവിൽ മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ട്രംപ് ടവറുകളുള്ളക്. ഈ നാല് റസിഡൻഷ്യൽ ട്രംപ് ടവറുകൾ കൂടാതെ പുതിയ ആറ് പുതിയ ടവറുകളുടെ നിർമാണം അടുത്ത ആറ് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഗുഡ്ഗാവ്, പൂനെ എന്നിവിടങ്ങളിലാണ് പുതിയ ടവറുകൾ നിർമ്മിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2017-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റാകുന്നതിന് മുമ്പ്, മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ട്രംപ് ടവറുകൾക്ക് ലൈസൻസ് നൽകിയിരുന്നു. ലോധ, പഞ്ച്ഷിൽ, ട്രിബേക്ക ഡെവലപ്പേഴ്‌സ് തുടങ്ങിയ ഡെവലപ്പർമാരുമായിട്ടായിരുന്നു കരാർ. 6 കോടി മുതൽ 25 കോടി രൂപ വരെ വിലയുള്ള 800 ആഡംബര വസതികളുള്ള 3 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഇന്ത്യയിലെ നാല് ട്രംപ് ടവറുകൾ. 7,500 കോടി രൂപയുടെ മൊത്തം വിൽപ്പന മൂല്യമാണ് ഇതിന് വിലയിരുത്തപ്പെടുന്നത്.











