
വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യമിടുന്നു എന്നാരോപിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഇന്ന് ഒപ്പുവെച്ചേക്കും എന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധമന്ത്രിക്കും അറസ്റ്റ് വാറന്റ് നൽകിയതിന് പിന്നാലെതന്നെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താൻ റിപ്പബ്ലിക്കൻ പാർട്ടി നീക്കം നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച ഡെമോക്രാറ്റുകൾ ഈ നീക്കം തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. യു.എസ്. പൗരർക്കോ സഖ്യകക്ഷികൾക്കോ നേരേയുള്ള കേസുകളിൽ ഐ.സി.സി.യെ സഹായിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക-വിസ ഉപരോധങ്ങൾക്ക് ട്രംപിന്റെ പുതിയ നീക്കം കാരണമാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഒരുക്കം തുടങ്ങി. വ്യോമ, കടൽ മാർഗങ്ങളിലൂടെ പാലസ്തീനികളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേൽ നടത്തുന്നത്. പോരാട്ടത്തിനൊടുവിൽ ഇസ്രയേൽ, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞിരുന്നു. ഗാസയുടെ പുനർനിർമാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് വ്യക്തമാക്കി.











