02:52am 14 June 2026
NEWS
ക്യൂബയെ റാഞ്ചാൻ ട്രംപ്; അമേരിക്ക ലക്ഷ്യമിടുന്നത് എന്ത് ?
13/06/2026  07:40 PM IST
കല്ലമ്പലം അൻസാരി
ക്യൂബയെ റാഞ്ചാൻ ട്രംപ്; അമേരിക്ക ലക്ഷ്യമിടുന്നത് എന്ത് ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ അടുത്ത ഇരയ്ക്കുള്ള ഉന്നം പിടിച്ചുകഴിഞ്ഞു. ഇറാനെയും വെനിസ്വേലയേയും വീഴ്ത്തിയശേഷം തന്റെ അടുത്തലക്ഷ്യം ക്യൂബയാണെന്ന് വെളിവാക്കുന്ന തരത്തിൽ ട്രംപ് നീക്കം തുടങ്ങി. ക്യൂബയിലെ ഭരണാധികാരി വർഗ്ഗത്തെ അപ്പാടെ തുടച്ചുനീക്കണം എന്ന പ്രസ്താവനയ്ക്കുശേഷം, അതിന്റെ തുടർനടപടി എന്ന നിലയിൽ മുൻ പ്രസിഡന്റായിരുന്ന റൗൾ കാസ്‌ട്രോയ്‌ക്കെതിരെ അമേരിക്കയിലെ മിയാമിയിൽ കൊലപാതകക്കേസ് ചാർജ്ജ് ചെയ്തിരിക്കുകയാണ് ട്രംപ്. ഇക്കഴിഞ്ഞ മെയ് 20 നാണ് റൗൾ കാസ്‌ട്രോയ്‌ക്കെതിരെയുള്ള പുതിയ കേസിന്റെ വിവരങ്ങൾ പുറത്തുവന്നത്.

1959 ലെ ക്യൂബൻ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം ഉലഞ്ഞ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പിന്നെയൊരിക്കലും മെച്ചപ്പെട്ട നിലയിലെത്തിയിട്ടില്ല. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ഇതിഹാസനായകനായ ഫിഡൽ കാസ്‌ട്രോയും മാറിമാറിവന്ന അമേരിക്കൻ പ്രസിഡന്റുമാരും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഫിഡലിന് ശേഷം അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ സഹോദരൻ റൗൾ കാസ്‌ട്രോയുടെ കാലത്തും നയതന്ത്ര സംഘർഷത്തിന് ഒരു അയവും വന്നില്ല. ഇതിന്റെ ഏറ്റവും വലിയ സംഘർഷാവസ്ഥയാണ് 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി. അമേരിക്കൻ, സോവിയറ്റ് ചേരികൾ തമ്മിലുള്ള ശീതസമരത്തിലെ കത്തിക്കാളിയ സമയങ്ങളിലൊന്നായിരുന്നു 62 ഒക്‌ടോബറിലെ ക്യൂബൻ സംഘർഷം. ഒരു അണുവായുധത്തിന്റെ വക്കിൽ വരെ ലോകം ചെന്നെത്തി നിന്ന നിമിഷം. പരസ്പരവിനാശത്തിന്റെ ഭീഷണി ലോകം ആദ്യമായി അനുഭവിച്ചറിയുന്നതും ഈ സംഘർഷത്തിലാണ്.

ക്യൂബൻ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിൽ പ്രകോപനം കൊണ്ട അമേരിക്ക ബ്രിഗേഡ് 2506 എന്ന സമാന്തര സൈനിക സംഘം രൂപീകരിച്ച് ക്യൂബയിൽ അധിനിവേശം നടത്താൻ ഏർപ്പെടുന്നതോടെയാണ് പ്രശ്‌നങ്ങൾ വഷളായത്. 'ബേ ഓഫ് പിഗ്‌സ്' എന്ന പേരിൽ 1961 ഏപ്രിൽ 17 ന് നടത്തിയ ഈ സൈനിക നീക്കത്തെ തുടർന്നാണ് റഷ്യ ക്യൂബയിൽ ആണവമിസൈലുകൾ സ്ഥാപിച്ചത്. അന്നത്തെ റഷ്യൻ പ്രസിഡന്റ് നികിതക്രൂഷ്‌ചേവും, ഫിഡൽ കാസ്‌ട്രോയും തമ്മിൽ നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ആ നീക്കം. തങ്ങളുടെ നേരെയുള്ള അമേരിക്കൻ ആക്രമണത്തിന്റെ മുൻകരുതൽ എന്ന നിലയിലാണ് മിസൈലുകൾ സ്ഥാപിക്കാൻ ക്യൂബ സമ്മതിച്ചത്. എന്നാൽ സോവിയറ്റ് യൂണിയന് അതിനപ്പുറവും ലക്ഷ്യങ്ങളുണ്ടായിരുന്നു. റഷ്യയെ ഉന്നമിട്ട് അമേരിക്ക ടർക്കിയിൽ വിന്യസിച്ച ആണവ മിസൈലുകൾക്ക് മറുപടിയായിരുന്നു ഒന്ന്. മറ്റൊന്ന് അമേരിക്കയുടെ പ്രധാന ഇടങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുവാൻ  മിസൈലുകൾ കൊണ്ട് കഴിയും എന്ന ധാരണയുണ്ടായിരുന്നു. പതിമൂന്ന് ദിവസം ലോകത്തെ യുദ്ധത്തിന്റെ മുൾമുനയിൽ നിർത്തിയ ക്യൂബൻ മിസൈൽ പ്രതിസന്ധി ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടലോടെ ഒത്തുതീർപ്പായി. അമേരിക്കൻ പ്രസിഡന്റ് കെന്നഡി യുദ്ധത്തിന്റെ ഒരുക്കങ്ങൾ പിൻവലിച്ച് ഉപരോധം എന്ന നിലപാടിലേക്ക് മാറിയതോടെയാണ് സംഘർഷം അയഞ്ഞത്. 1962 ഒക്‌ടോബർ 28 ന് പ്രതിസന്ധിക്ക് അവസാനമായി. സോവിയറ്റ് യൂണിയന്റെ മിസൈലുകൾ തിരികെ കൊണ്ടുപോകാൻ ക്രൂഷ്‌ചേവ് സമ്മതിച്ചപ്പോൾ, തുർക്കിയിൽ സ്ഥാപിച്ചിരുന്ന മിസൈലുകൾ നീക്കം ചെയ്യാൻ അമേരിക്കയും സന്നദ്ധമായി. സോവിയറ്റ് യൂണിയന്റെ ഈ പിന്മാറ്റത്തെ 'കടുത്ത വഞ്ചന' എന്നാണ് അന്നത്തെ വിപ്ലവ നേതാക്കളിൽ ഒരാളായ ചെഗുവേര വിശേഷിപ്പിച്ചത്.

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുൻപ് ക്യൂബയും അമേരിക്കയും തമ്മിൽ ഊഷ്മള ബന്ധമാണ് ഉണ്ടായിരുന്നത്. 1902 ൽ ക്യൂബയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ക്യൂബയുടെ സാമ്പത്തിക, സൈനിക, രാഷ്ട്രീയകാര്യങ്ങളിൽ വേണ്ടിവന്നാൽ അമേരിക്കയ്ക്ക് ഇടപെടാം എന്നൊരു ഉപാധിയുണ്ടായിരുന്നു. ക്യൂബൻ ദ്വീപായ ഗ്വാണ്ട നാമോയിൽ അമേരിക്കൻ സൈന്യത്തിന് ഒരു സ്ഥിരം താവളവും അംഗീകരിച്ചിരുന്നു. എന്നാൽ 1959 ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തോടെ പ്രശ്‌നങ്ങൾ ഉടലെടുത്തു. ഫിഡൽ കാസ്‌ട്രോ താൻ ഒരു കമ്മ്യൂണിസ്റ്റല്ല എന്ന നിലപാടാണ് ആദ്യമെടുത്തിരുന്നതെങ്കിലും പിന്നീട് സോവിയറ്റ് യൂണിയനുമായി നിരവധി സൈനിക, സാമ്പത്തിക കരാറുകളിൽ ഒപ്പിട്ടു. അതോടെ അമേരിക്കയ്ക്ക് തങ്ങളുടെ ആധിപത്യം നഷ്ടപ്പെടുമെന്ന് ഉറപ്പായി. തുടർന്നാണ് ക്യൂബൻ വിമതരെ അണിനിരത്തി ക്യൂബ പിടിച്ചെടുക്കാനുള്ള നീക്കത്തിലേക്ക് അമേരിക്ക ചെന്നെത്തിയത്. പിന്നീടത് ശീതസമരകാലത്തെ ഏറ്റവും വലിയ അമേരിക്കൻ, സോവിയറ്റ് സംഘർഷത്തിന്റെ ഒരേടായി മാറി. തർക്കത്തിൽ അമേരിക്കയ്ക്ക് ക്യൂബയിലുള്ള എല്ലാ സ്വാധീനവും നഷ്ടമായെങ്കിലും ഗ്വാണ്ടനാമോ താവളം ഇന്നും അവരുടെ സുരക്ഷിത കരങ്ങളിലാണ്.

പതിറ്റാണ്ടുകൾ പിന്നിട്ട അമേരിക്കൻ-ക്യൂബ പ്രതിസന്ധിക്ക് അൽപ്പം അയവുവരുന്നത് ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന വേളയിലാണ്. ക്യൂബയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ 2014 ൽ ഒബാമ ഒരു വലിയ ശ്രമം നടത്തിയിരുന്നു. ആ വർഷം ജൂണിൽ ഒബാമ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെത്തി. ഒരു നൂറ്റാണ്ടിനുശേഷം ഒരു അമേരിക്കൻ പ്രസിഡന്റ് ക്യൂബയുടെ മണ്ണിൽ കാലുകുത്തുന്നത് അന്നാദ്യമായാണ്. അന്നത്തെ ക്യൂബൻ ലീഡർ റൗൾ കാസ്‌ട്രോയുമായി ഒബാമ ചർച്ചകൾ നടത്തി. വലിയ പ്രതീക്ഷയുണർത്തുന്ന പ്രസംഗങ്ങളാണ് അന്ന് ഇരുവരും നടത്തിയത്. എന്നാൽ ഒബാമയുടെ പരീക്ഷണം വിശ്വാസത്തിലെടുക്കാൻ ക്യൂബൻ അധികാരികൾ മടിച്ചു. തങ്ങളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ സൗഹൃദത്തിന്റെ പുത്തനുടുപ്പിട്ട് ഒബാമ നടത്തുന്ന ഒരു എക്‌സർസൈസ് മാത്രമാണ് ഇതെന്ന് അവർ വിലയിരുത്തി.
ക്യൂബൻ മുൻ പ്രസിഡന്റും, ഫിഡൽ കാസ്‌ട്രോയുടെ സഹോദരനുമായ റൗൾ കാസ്‌ട്രോക്കെതിരെ ഇപ്പോൾ ഡൊണാൾഡ് ട്രംപ് ചുമത്തിയിരിക്കുന്ന ഗൂഢാലോചനക്കുറ്റം 1996 ഫെബ്രുവരി 24 ന് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ്. അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നു ഇത്. 1996 ൽ അമേരിക്കക്കാരായ ഏതാനും പേർ പറത്തിയ രണ്ട് വിമാനങ്ങൾ അന്താരാഷ്ട്ര അതിർത്തിക്കുള്ളിൽ വച്ചുവീഴ്ത്തി അവരെ കൊലപ്പെടുത്തി എന്നായിരുന്നു കുറ്റാരോപണം. 30 വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം അന്ന് വലിയ കോളിളക്കം സൃഷ്ടിച്ചതാണ് അന്ന് പ്രസിഡന്റ് സ്ഥാനത്ത് ഫിഡൽ കാസ്‌ട്രോയും, പ്രതിരോധ മന്ത്രിസ്ഥാനത്ത് റൗൾ കാസ്‌ട്രോയും ആണ് ഉണ്ടായിരുന്നത്. അതിൽ ജീവിച്ചിരിക്കുന്ന കക്ഷി റൗൾ ആയതുകൊണ്ടാണ് ഇപ്പോൾ അമേരിക്കയിലെ കോടതിയിൽ പുതിയ ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്തിരിക്കുന്നത്.

1959 ൽ ക്യൂബ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ അമർന്നതോടെ അവിടെ നിന്ന് പതിനായിരക്കണക്കിന് കുടിയേറ്റക്കാർ അമേരിക്കയിലേക്ക് ചെന്നെത്താൻ അനധികൃത വഞ്ചികളിൽ അമേരിക്കൻ തീരത്തേയ്ക്ക് പലായനം ചെയ്യുന്നത് പതിവ് സംഭവമായി മാറിയിരുന്നു. 1990 കളിൽ ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന വേളയിൽ ഈ അനധികൃത കുടിയേറ്റക്കാരുടെ യാത്ര അതിന്റെ കൊടുമുടിയിലെത്തി. അതോടെ ഈ വഞ്ചികൾ ആക്രമിച്ച് തകർക്കുന്ന നടപടികൾ ക്യൂബൻ അധികാരികൾ ഒരു ദയാദാക്ഷിണ്യവുമില്ലാതെ നടപ്പിലാക്കി. അങ്ങനെ നടുക്കടലിൽ അകപ്പെട്ട അഭയാർത്ഥികളെ രക്ഷിക്കാൻ അമേരിക്കയിൽ നിന്നിറങ്ങിയ സന്നദ്ധ സംഘടനയായിരുന്നു ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ. ഫ്‌ളോറിഡയിലെ മിയാമി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ക്യൂബൻ വിമതന്മാരുടെ സംഘടനയായിരുന്നു ഇത്. ഇവരുടെ ചെറുവിമാനങ്ങൾ ഫ്‌ളോറിഡ കടലിടുക്കിൽ അകപ്പെട്ട നൂറുകണക്കിന് പേരെ അത്യാപത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഇങ്ങനെ ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ പറത്തിയ രണ്ട് വിമാനങ്ങൾ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ വച്ച് ക്യൂബയുടെ മിഗ് വിമാനങ്ങൾ വെടിവച്ച് വീഴ്ത്തി. വിമാനത്തിലുണ്ടായിരുന്ന നാല് സന്നദ്ധ സേവകർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവത്തെയാണ് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്തി ഇപ്പോൾ ചാർജ്ജ് ചെയ്തിരിക്കുന്നത്. ഈ വിമാനങ്ങൾ ക്യൂബൻ വ്യോമാതിർത്തി ലംഘിച്ചത് കൊണ്ടാണ് നടപടിയെടുത്തതെന്ന് ക്യൂബ വാദിക്കുന്നു. എന്നാൽ ഈ വിമാനങ്ങൾ അന്താരാഷ്ട്ര അതിർത്തിയിലായിരുന്നു എന്നാണ് അമേരിക്കൻ പക്ഷം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുന്ന വേളയിലാണ് ക്യൂബൻ ഭരണസംവിധാനത്തിന് ഭീഷണിയുമായി അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ട അമേരിക്കൻ ഉപരോധം ക്യൂബയുടെ നടുവൊടിച്ച് കഴിഞ്ഞു. അതിനിടയിലാണ് വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് തിട്ടൂരം പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഭരണാധികാരി നിക്കോളസ് മഡൂറയെ അട്ടിമറിച്ച് അദ്ദേഹത്തെയും, ഭാര്യയെയും അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുപോയതിന് ശേഷം വെനിസ്വേലയുടെ ഭരണചക്രം ഏതാണ്ട് തിരിച്ച് കൊണ്ടിരിക്കുന്നത് ട്രംപാണ്. മഡൂറയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റോഡ്രിഗോസ് ആണ് ഇപ്പോഴത്തെ താൽക്കാലിക പ്രസിഡന്റ്. ട്രംപിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് റോഡ്രിഗോസിന്റെ ഭരണം. വെനിസ്വേലയിൽ നിന്ന് ക്യൂബയിലേക്കുള്ള പ്രകൃതിവാതക, എണ്ണ ഉൽപ്പന്ന കയറ്റുമതികളെല്ലാം ട്രംപ് ഉപരോധിച്ചിരിക്കുകയാണ്. ക്യൂബയിലെ സാധാരണജനങ്ങൾക്ക് അടുപ്പ് കത്തിക്കാനുള്ള മണ്ണെണ്ണയോ പ്രകൃതിവാതകമോ കിട്ടാത്ത അവസ്ഥയാണിപ്പോൾ. വൈദ്യുതി നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത് കൊണ്ട് ക്യൂബയുടെ മിക്ക പ്രദേശങ്ങളും ഭൂരിഭാഗസമയവും ബ്ലാക്ക് ഔട്ടിലാണ്. ഇതിനിടയിലാണ് റൗൾ കാസ്‌ട്രോയ്‌ക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിക്കൊണ്ടുള്ള പുറപ്പാടും. 

അമേരിക്കയിൽ നിന്ന് വെറും 90 മൈൽ അകലെയുള്ള ക്യൂബയെ കൈവശത്താക്കുമെന്ന സൂചനകൾ ട്രംപ് നടത്തിക്കഴിഞ്ഞു. അമേരിക്കയുടെ ഏറ്റവും വലിയ വിമാനവിഹാനിക്കപ്പലായ എബ്രഹാം ലിങ്കൺ ഇറാനിൽ നിന്ന് ക്യൂബൻ തീരത്തേയ്ക്ക് എത്തിച്ചു കഴിഞ്ഞാൽ ക്യൂബ അപ്പോൾതന്നെ നിലംപതിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. 96 കാരനായ റൗൾ കാസ്‌ട്രോയെ വിട്ടുകൊടുക്കണമെന്നുള്ള അമേരിക്കൻ ആവശ്യം ക്യൂബ നിരാകരിച്ചിട്ടുണ്ട്. ട്രംപിന്റെ ഇനിയുള്ള നീക്കം ക്യൂബയ്ക്ക് ആകാംക്ഷാഭരിതമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img