10:07am 21 April 2026
NEWS
സമാധാനക്കരാർ പരാജയപ്പെട്ടാൽ ഇറാനെ നാമാവശേഷമാക്കും: ഭീഷണിയുമായി ട്രംപ്


20/04/2026  02:07 PM IST
nila
സമാധാനക്കരാർ പരാജയപ്പെട്ടാൽ ഇറാനെ നാമാവശേഷമാക്കും: ഭീഷണിയുമായി ട്രംപ്

​ഇസ്‌ലാമാബാദ്/വാഷിംഗ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇറാനെതിരെ രൂക്ഷമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്. സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്നാണ് (Blow up) ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
​ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായും ട്രംപ് ആരോപിച്ചു. "ഇറാൻ ഈ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ അത് അവരുടെ അവസാന അവസരമായിരിക്കും. മുൻ പ്രസിഡന്റ് ബരാക് ഒബാമ ചെയ്ത തെറ്റ് ഞാൻ ആവർത്തിക്കില്ല," ട്രംപ് വ്യക്തമാക്കി.അതേസമയം, യുഎസും ഇറാനും തമ്മിലുള്ള രണ്ടാം വട്ട ചർച്ചകൾക്കായി ട്രംപിന്റെ പ്രതിനിധികൾ തിങ്കളാഴ്ച പാക്കിസ്ഥാനിലെത്തും. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് സംഘത്തിലുള്ളത്. സുരക്ഷാ കാരണങ്ങളാൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് യാത്ര ഒഴിവാക്കി. എന്നാൽ, യുഎസ് ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തതോടെ ആഗോള വിപണിയിൽ ആശങ്കയേറി. ഇറാന്റെ നാവിക ഉപരോധം തുടരുന്നതിനാൽ കപ്പലുകൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. തിങ്കളാഴ്ച വിപണി തുറക്കുമ്പോൾ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ യുഎസിൽ പെട്രോൾ വില ഗാലന് 4 ഡോളറിന് മുകളിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img