
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കയറ്റി കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തെ ഒമാൻ തടസ്സപ്പെടുത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന രൂക്ഷമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. യുഎസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ട്രംപിന്റെ പരാമർശം.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഇരു രാജ്യങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാന്തര ചർച്ചകൾ നടത്തിവരികയാണ്.
ഇറാൻ കീഴടങ്ങാൻ തയാറാകണമെന്നും രാജ്യം തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും ട്രംപ് പറഞ്ഞു. വിഷയത്തിൽ തനിക്ക് യാതൊരു സമയക്രമമോ ധൃതിയോ ഇല്ലെന്നും യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുകൾ തന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് യുഎസിന്റെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച നിലപാട് അദ്ദേഹം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയും ആവർത്തിച്ചു.










