ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറാകാത്ത പക്ഷം, രാജ്യത്തെ എണ്ണപ്പാടങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. അതേസമയം, ഇറാനുമായി നേരിട്ടും ഇടനിലക്കാരിലൂടെയും ചർച്ചകൾ തുടരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ ഭരണമാറ്റം നടന്നതോടെ പുതിയ നേതൃത്വം കൂടുതൽ പ്രായോഗിക സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഏപ്രിൽ 6 ആണ് ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്ക നിശ്ചയിച്ച സമയപരിധിയുടെ അവസാനദിനം.
ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനെ ചുറ്റിപ്പറ്റി ആശങ്കകൾ ഉയരുകയാണ്. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.അമേരിക്ക–ഇറാൻ ചർച്ചകൾക്ക് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്ന സൂചനകൾ ഉണ്ടെങ്കിലും, ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകളിൽ ഉയർന്ന നിർദേശങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. ചർച്ചകൾ യാഥാർഥ്യബോധമില്ലാത്തതാണെന്നും, ഇത് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് മറയാണെന്നും ഇറാൻ ആരോപിച്ചു. തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത ഈ ചർച്ച യുദ്ധവിരാമ ശ്രമങ്ങളുടെ ഭാഗമായിരുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ പടിഞ്ഞാറൻ ഇറാനിൽ വ്യാപകമായ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ വ്യക്തമാക്കി. മറുപടിയായി, വടക്കൻ ഇസ്രയേലിലെ ഹൈഫ നഗരത്തിലെ ബസാൻ എണ്ണ ശുദ്ധീകരണശാലയിൽ മിസൈൽ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. ഹൂതി വിഭാഗവും വീണ്ടും ആക്രമണം നടത്തിയതോടെ മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ വഷളാകുകയാണ്.










