
വാഷിങ്ടൺ: ബിബിസിക്കെതിരെ 500 കോടി ഡോളർ (44,344 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ പ്രസംഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിൽ എഡിറ്റുചെയ്തതുമായി ബന്ധപ്പെട്ട് ട്രംപ് ബിബിസിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്. ‘പനോരമ’ പരിപാടിയിൽ ഉൾപ്പെടുത്തിയ 2021 ജനുവരി 6-ലെ പ്രസംഗം തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്ത സംഭവത്തിലാണ് അമേരിക്കൻ പ്രസിഡന്റ് നിലപാട് കടുപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബിബിസി ഇതിനകം മാപ്പ് പറഞ്ഞിരുന്നു. നഷ്ടപരിഹാരം നൽകാനില്ലെന്ന ചാനലിന്റെ നിലപാട് തുടരുമ്പോഴാണ് ട്രംപിന്റെ മുന്നറിയിപ്പ് ശക്തമായത്. അടുത്തയാഴ്ചയ്ക്കുള്ളിൽ 100 കോടി മുതൽ 500 കോടി ഡോളർ വരെയുള്ള തുക ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്ന് എയർഫോഴ്‌സ് വൺ വിമാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചത്.
പ്രശ്നം യുഎസ്–ബ്രിട്ടൻ ബന്ധത്തെയും ബാധിച്ചിരിക്കുകയാണ്. വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. 2024-ൽ സംപ്രേഷണം ചെയ്ത ‘പനോരമ’ എപ്പിസോഡിൽ ട്രംപിന്റെ പ്രസംഗം കലാപത്തിന് നേരിട്ട് പ്രേരിപ്പിച്ചതെന്ന അഭിപ്രായം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു എഡിറ്റിങ്. ഇതിനെത്തുടർന്ന് ബിബിസിയുടെ ഡയറക്ടർ ജനറലും ന്യൂസ് സിഇഒയും രാജിവെക്കേണ്ടി വന്നിരുന്നു. ബിബിസിയുടെ എഡിറ്റിങ് തെറ്റായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും, സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തെയും എഡിറ്റോറിയൽ നിലപാടുകളെയും ചൂണ്ടിക്കാട്ടി സ്റ്റാമർ ട്രംപിനെതിരായ വിമർശനത്തിൽ നിന്ന് ദൂരം പാലിക്കുന്ന നിലപാട് സ്വീകരിച്ചു.











