10:07pm 18 August 2026
NEWS
ഹോർമുസ് കടലിടുക്ക് അമേരിക്കയുടേതെന്ന് പ്രഖ്യാപിച്ച് ട്രംപ്
18/08/2026  07:57 PM IST
nila
ഹോർമുസ് കടലിടുക്ക് അമേരിക്കയുടേതെന്ന് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ ഭാഗമായതായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. തന്ത്രപ്രധാനമായ കടലിടുക്കിന്മേൽ അമേരിക്കയ്ക്ക് ‘പൂർണ നിയന്ത്രണമുണ്ടെന്നും’ ട്രംപ് അവകാശപ്പെട്ടു.

എന്നാൽ ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പ്രതിനിധി മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ എണ്ണ വ്യാപാരത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമായിരുന്നു ഈ ആവശ്യങ്ങളെന്നും പിന്നീട് യു.എസ്. കരാർ പാലിച്ചില്ലെന്നുമാണ് ഇറാന്റെ ആരോപണം. ഇതോടെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്.

പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ചർച്ചകൾക്കിടെ ഒമാൻ തടസ്സം സൃഷ്ടിച്ചാൽ ബോംബാക്രമണം നടത്തുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ തുടരുകയാണെന്ന് ട്രംപിന്റെ അനുയായിയായ ജാരഡ് കുഷ്നർ അറിയിച്ചു. കരാറിലെത്താൻ ഇറാൻ താൽപര്യപ്പെടുന്നുണ്ടെങ്കിലും യു.എസ്. മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നാണ് കുഷ്നറുടെ നിലപാട്. ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള ഇരുരാജ്യങ്ങളുടെയും നിലപാടുകൾ കൂടുതൽ കടുപ്പിച്ചതോടെ മേഖലയിൽ സംഘർഷസാധ്യത വർധിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img