02:15pm 28 October 2026
NEWS
ഹോർമുസ് പിടിക്കണമെന്ന നിർദ്ദേശം തള്ളി; സഖ്യകക്ഷികൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്
17/03/2026  12:11 PM IST
nila
ഹോർമുസ് പിടിക്കണമെന്ന നിർദ്ദേശം തള്ളി; സഖ്യകക്ഷികൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നിർദ്ദേശത്തെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ നിർണായക എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിവുണ്ടെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് സഖ്യകക്ഷികളുടെ നിലപാടിനെ ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കാനുള്ള അഭ്യർത്ഥന പല സഖ്യരാജ്യങ്ങളും തള്ളിയതിലുള്ള നീരസം ട്രംപ് മറച്ചുവെച്ചില്ല. നാറ്റോ അംഗങ്ങൾ ആവശ്യമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ വിമർശനം. ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഈ നീക്കത്തിൽ നിന്ന് പിന്മാറിയപ്പോൾ, യുകെയുടെ വൈകിയ പ്രതികരണവും അദ്ദേഹത്തെ അസ്വസ്ഥനാക്കി.  യുകെയുടെ നിലപാടിൽ താൻ വലിയ നിരാശനാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.

അതേസമയം, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സൈനിക ഇടപെടലിനേക്കാൾ നയതന്ത്രപരമായ പരിഹാരമാണ് ഉചിതമെന്ന് വ്യക്തമാക്കി. സംഘർഷം കൂടുതൽ വഷളാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ഇവരുടെ നിലപാട്. ജർമ്മനി ആഭ്യന്തര നിയമപരമായ നിയന്ത്രണങ്ങളും ഉന്നയിച്ചു. യൂറോപ്യൻ രാജ്യങ്ങളായ പോളണ്ടും ബെൽജിയവും ചർച്ചകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് ആവർത്തിച്ചു.

സഖ്യകക്ഷികൾ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താൻ സഹായം തേടിയതെന്ന് ട്രംപ് വെളിപ്പെടുത്തി. ‘എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാൻ ഇത് ചെയ്തത്,’ എന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഫെബ്രുവരി 28 മുതലാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്. ഇതിന് പ്രതികാരമായി ഇറാൻ ഇസ്രയേലിന് നേരെയും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടെ സംഘർഷം മേഖലയിലാകെ വ്യാപിക്കുന്ന സാഹചര്യമാണുണ്ടായത്.

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ ഇറാൻ അടച്ചുപൂട്ടിയിരിക്കുകയാണ്. കടലിടുക്ക് കടക്കാൻ ശ്രമിച്ച 15-ലധികം കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കാമെന്നും ഇറാന്റെ പുതിയ നേതാവ് മൊജ്താബ ഖമനേയി മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img