
ഫ്ലോറിഡ: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ പുരോഗതി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന സമാധാന പദ്ധതിയിൽ നിർണായക മുന്നേറ്റം കൈവരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ യുദ്ധങ്ങളിലൊന്നായി മാറിയ യുക്രെയ്ൻ–റഷ്യ സംഘർഷം അവസാനിപ്പിക്കുകയാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. സമാധാന പദ്ധതിയിലെ എല്ലാ വിഷയങ്ങളിലും വിശദമായ ചർച്ച നടന്നുവെന്നും, ചില സങ്കീർണ്ണ വിഷയങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള പുരോഗതി തൃപ്തികരമാണെന്നും അദ്ദേഹം വിലയിരുത്തി. ഡോൺബാസിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഇപ്പോഴും അഭിപ്രായഭിന്നത നിലനിൽക്കുന്ന വിഷയമാണെന്നും, എങ്കിലും പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചർച്ചകളുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി രണ്ടു മണിക്കൂർ നീണ്ട ഫോൺ സംഭാഷണം നടത്തിയതായും ട്രംപ് അറിയിച്ചു. ഇതിന് പുറമെ ഫ്രാൻസ്, ഫിൻലൻഡ്, പോളണ്ട്, നോർവേ, ഇറ്റലി, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും, നാറ്റോ സെക്രട്ടറി ജനറലുമായും, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റുമായും താൻ ഫോണിൽ സംസാരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമാധാന പദ്ധതിയിലെ വിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയിലെത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. 20 ഇന പദ്ധതിയുടെ ഏകദേശം 90 ശതമാനത്തിലും ഒത്തുതീർപ്പുണ്ടായതായും, തുടർന്നുള്ള നടപടികളുടെ ക്രമത്തെക്കുറിച്ചും വിശദമായി ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ശാശ്വത സമാധാനത്തിന് സുരക്ഷാ ഉറപ്പുകൾ അനിവാര്യമാണെന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും യോജിച്ചുവെന്നും സെലെൻസ്കി വ്യക്തമാക്കി.
അന്തിമ തീരുമാനങ്ങൾ കൈവരിക്കുന്നതിനായി അടുത്തയാഴ്ച യുക്രെയ്ൻ–യുഎസ് പ്രതിനിധികൾ യോഗം ചേരുമെന്നും, ജനുവരിയിൽ വാഷിങ്ടണിൽ യുക്രെയ്ൻ, യൂറോപ്യൻ നേതാക്കൾക്ക് വിരുന്നൊരുക്കാൻ ട്രംപ് സമ്മതിച്ചിട്ടുണ്ടെന്നും സെലെൻസ്കി അറിയിച്ചു. ഒരു മാസത്തിലേറെ നീണ്ട ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനും ട്രംപിന്റെ ഉപദേഷ്ടാവായ ജാറദ് കഷ്നറിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.











