
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴൽ വീഴ്ത്തി ഇറാന് നേരെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കനത്ത പ്രഹരം. "ഒറ്റ രാത്രികൊണ്ട് ഇറാൻ എന്നെന്നേക്കുമായി അവസാനിക്കും" എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ, ഖാർഗ് ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളിലും ടെഹ്റാനിലെ വിവിധ നഗരങ്ങളിലും യു.എസ് ശക്തമായ വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്ക് തുറക്കാൻ നൽകിയ സമയം അവസാനിച്ചതോടെയാണ് അമേരിക്ക ആക്രമണത്തിലേക്ക് നീങ്ങിയത്.
ട്രംപ് മനോരോഗിയെന്ന് ഇറാൻ
അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിയെ പുച്ഛിച്ചുതള്ളിയ ഇറാൻ നേതൃത്വം, ട്രംപിനെ 'മനോരോഗി' എന്നാണ് വിശേഷിപ്പിച്ചത്. അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ സൈന്യത്തിനും ഇല്ലാതാക്കാൻ കഴിയാത്തതാണ് ഇറാന്റെ പാരമ്പര്യമെന്ന് ടെഹ്റാൻ തിരിച്ചടിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ താനടക്കം 14 ദശലക്ഷം ഇറാനിയൻ പൗരന്മാർ സന്നദ്ധരാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രഖ്യാപിച്ചു.
ഇസ്രയേൽ ആക്രമണവും ആഗോള ആശങ്കയും
യു.എസ് ആക്രമണത്തിന് പിന്നാലെ ഇറാനിലെ കഷാനിലുള്ള റെയിൽവേ പാലം ഇസ്രയേൽ തകർത്തു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പത്തോളം റെയിൽവേ ട്രാക്കുകൾ നശിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിന് പിന്നാലെ ചെങ്കടലിനെ ഗൾഫ് ഓഫ് ഏദനുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബുൽ മൻദബ് കടലിടുക്ക് കൂടി അടയ്ക്കാൻ ഇറാൻ നീക്കം തുടങ്ങിയത് ആഗോള വിപണിയെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്
ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി. അടുത്ത 48 മണിക്കൂർ നേരത്തേക്ക് വീടിന് പുറത്തിറങ്ങരുതെന്നും സൈനിക കേന്ദ്രങ്ങൾക്കോ വൈദ്യുതി നിലയങ്ങൾക്കോ സമീപം പോകരുതെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
യു.എൻ രക്ഷാസമിതിയിൽ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ നയതന്ത്ര നീക്കങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത ഏതാനും മണിക്കൂറുകൾ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.











