
വാഷിങ്ടൺ: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് അമേരിക്ക രഹസ്യമായി ആയുധങ്ങൾ നൽകി സഹായിച്ചിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രക്ഷോഭകരിലേക്ക് തോക്കുകൾ എത്തിച്ചത് കുർദ് സമൂഹത്തിന്റെ സഹായത്തോടെ ആയിരുന്നുവെന്നും, ആ ആയുധങ്ങൾ ഇപ്പോൾ കുർദുകളുടെ കൈവശം തന്നെയായിരിക്കാമെന്നാണു താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നിവിടങ്ങളിലായി വ്യാപിച്ചു താമസിക്കുന്ന ഒരു വിഭാഗമാണ് കുർദുകൾ. ഇവരിലെ ചില സംഘടനകളെ ഇറാൻ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇറാനിലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെ ഏകദേശം 45,000 പേർ കൊല്ലപ്പെട്ടുവെന്ന ഗുരുതര ആരോപണവും ട്രംപ് ഉന്നയിച്ചു. എന്നാൽ, ഈ കണക്കുകൾ സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യയിൽ വലിയ വ്യത്യാസമുണ്ട്. ഏകദേശം 7,000 പേർ കൊല്ലപ്പെട്ടു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, മറ്റുചില റിപ്പോർട്ടുകളിൽ മരണസംഖ്യ 30,000 വരെ ഉയരുന്നുവെന്നും പറയുന്നു.











