04:08pm 25 May 2026
NEWS
ഇറാൻ–അമേരിക്ക ധാരണ തിടുക്കത്തിൽ വേണ്ടെന്ന് ട്രംപ്; ഉപരോധം തുടരുമെന്ന് സൂചന
25/05/2026  06:03 AM IST
nila
ഇറാൻ–അമേരിക്ക ധാരണ തിടുക്കത്തിൽ വേണ്ടെന്ന് ട്രംപ്; ഉപരോധം തുടരുമെന്ന് സൂചന

വാഷിങ്ടൻ: ഇറാനുമായി കരാർ സംബന്ധിച്ച ചർച്ചകളിൽ തിടുക്കം കാണിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രതിനിധികൾക്ക് നിർദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അന്തിമ ധാരണയിലെത്തുംവരെ ഇറാനെതിരായ നാവിക ഉപരോധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ രൂപീകരണത്തിൽ ഇരുരാജ്യങ്ങൾക്കും ആവശ്യമായ സമയം എടുക്കാമെന്നും തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കേണ്ടത് നിർണായകമാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ട്രംപ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടിരുന്നു. ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കുന്നതും പ്രധാന തർക്കവിഷയമായ ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ച് രണ്ടുമാസത്തിനകം ചർച്ച നടത്തി തീരുമാനമെടുക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രാഥമിക ധാരണയായെന്നാണ് റിപ്പോർട്ടുകൾ.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ചുങ്കം ഈടാക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും സൂചനകളുണ്ട്. പകരമായി, ഇറാന്റെ എണ്ണക്കയറ്റുമതിയുമായി ബന്ധപ്പെട്ട ചില ഉപരോധങ്ങളിൽ ഇളവ് നൽകാൻ അമേരിക്ക തയ്യാറായതായും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ഇറാനെതിരേ വീണ്ടും സൈനികാക്രമണം ഉണ്ടാകില്ലെന്ന വ്യവസ്ഥയും കരട് ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇതിനിടെ, ഹോർമുസ്‌ഗാൻ പ്രവിശ്യയിൽ ഇസ്രയേൽ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോൺ ഇറാൻ സേന വെടിവച്ചിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മേഖലയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും സംഘർഷഭരിതമായി തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img